തിരുവനന്തപുരം:കോവളത്ത് വിദേശ വനിതയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസിൽ ഇന്ന് സുപ്രധാന വിധി. തിരുവനന്തപുരം ഒന്നാം അഡീ. ജില്ല സെഷൻസ് കോടതി ജഡ്‌ജി കെ. സനിൽകുമാറാണ് കേസിൽ വിധി പ്രഖ്യാപിക്കുന്നത്. തലസ്ഥാനത്ത് ഏറെ ചർച്ചയായ കേസിൽ കൊലപാതകം നടന്ന് നാലര വർഷം പിന്നിടുമ്പോഴാണ് വിധി പ്രസ്‌താവിക്കുന്നത്.
ആയുർവേദ ചികിത്സക്കായി തിരുവനന്തപുരം പോത്തൻകോടുള്ള ആശുപത്രിയിലെത്തിയ വിദേശ വനിതയെ 2018 മാർച്ച് 14നാണ് കാണാതാകുന്നത്. 36-ാം ദിനം യുവതിയുടെ അഴുകിയ മൃതദേഹം കോവളത്തുള്ള പൊന്തകാടിൽ നിന്ന് പൊലീസ് കണ്ടെത്തി. സഹോദരിയുടെ ഡിഎൻഎ പരിശോധനയിലാണ് മൃതദേഹം വിദേശ വനിതയുടേതാണെന്ന് സ്ഥിരീകരിച്ചത്.
തുടർന്ന്, നടത്തിയ അന്വേഷണത്തിൽ പ്രതികളായ ഉമേഷിനെയും ഉദയനെയും പൊലീസ് പിടികൂടുകയായിരുന്നു. കേസ് കെട്ടിച്ചമച്ചതാണെന്നാണ് പ്രതിഭാഗത്തിന്‍റെ വാദം. എന്നാൽ പ്രതികളായ ഉമേഷിനും ഉദയനും വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ്റെ ആവശ്യം.
പോത്തന്‍കോട്ടെ ആയൂര്‍വേദ ചികിത്സ കേന്ദ്രത്തില്‍ നിന്നിറങ്ങി കോവളം ബീച്ചിലെത്തിയ നാല്‍പതുകാരിയായ ലാത്‌വിയന്‍ യുവതിയെ ടൂറിസ്റ്റ് ഗൈഡെന്ന വ്യാജേന പ്രതികള്‍ ആളൊഴിഞ്ഞ് കണ്ടല്‍ക്കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയെന്നും, ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി എന്നുമാണ് കേസ്. കൊല്ലപ്പെട്ട വിദേശ വനിതയുടെ സഹോദരിക്ക് കോടതി നടപടികള്‍ ഓണ്‍ലൈൻ വഴി കാണാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.