തിരുവനന്തപുരം :കോവളത്ത് വിദേശ വനിതയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ഉമേഷ്, ഉദയകുമാര്‍ എന്നിവര്‍ക്ക് ഇരട്ട ജീവപര്യന്തം. രണ്ടരലക്ഷം രൂപ പിഴയും പ്രതികള്‍ ഒടുക്കണമെന്ന് തിരുവനന്തപുരം അഡീഷണല്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിച്ചു. ജീവിതാന്ത്യം വരെ പ്രതികള്‍ തടവ് ശിക്ഷ അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി.
പിഴ തുക യുവതിയുടെ കുടുംബത്തിന് നല്‍കണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം വിധി പ്രഖ്യാപനത്തിന് തൊട്ട് മുമ്പ് പ്രതിക്കൂട്ടില്‍ പ്രവേശിച്ച രണ്ട് പ്രതികളും തങ്ങള്‍ നിരപരാധികളാണെന്ന് ഉറക്കെ വിളിച്ചു പറഞ്ഞു. യാതൊരു ശാസ്ത്രീയ പരിശോധനയും നടത്താതെയാണ് തങ്ങളെ പ്രതികളാക്കിയതെന്നും സത്യം തെളിയിക്കാന്‍ തങ്ങളെ നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും പ്രതികള്‍ വിളിച്ചു പറഞ്ഞു.