തിരുവനന്തപുരം: ലാത്‌വിയന്‍ യുവതിയെ കോവളത്ത് കുറ്റിക്കാട്ടില്‍ വച്ച് കൊലപ്പെടുത്തിയെന്ന കേസിലെ രണ്ടു പ്രതികളും കുറ്റക്കാരെന്ന് കോടതി. പ്രതികള്‍ക്കെതിരെ സംഘം ചേര്‍ന്നുള്ള ബലാത്സംഗം, കൊലപാതകം, തെളിവു നശിപ്പിക്കല്‍, മയക്കുമരുന്ന് നൽകി ഉപദ്രവിക്കല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞതായി തിരുവനന്തപുരം ഒന്നാം അഡിഷണല്‍ സെഷന്‍സ് കോടതി കണ്ടെത്തി. കേസിലെ പ്രതികളായ ഉദയന്‍, ഉമേഷ് എന്നീ രണ്ടു പ്രതികളും കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി ശിക്ഷ തിങ്കളാഴ്‌ച വിധിക്കുമെന്നറിയിച്ചു.
2018 മാര്‍ച്ച് 14നാണ് ആയൂര്‍വേദ ചികിത്സയ്ക്കായി പോത്തന്‍കോടുള്ള ആശുപത്രിയിലെത്തിയ വിദേശ വനിതയെ കാണാതാകുന്നത്. 36-ാം ദിനം യുവതിയുടെ അഴുകിയ ശരീരം കോവളത്തിനു സമീപമുള്ള പൊന്തക്കാട്ടില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. സഹോദരിയുടെ ഡിഎന്‍എ പരിശോധനയിലാണ് യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതികളായ ഉദയന്‍, ഉമേഷ് എന്നിവരെ പൊലീസ് പിടികൂടി. പോത്തന്‍കോട്ടെ ആയൂര്‍വേദ കേന്ദ്രത്തില്‍ നിന്നിറങ്ങി കോവളത്തെത്തിയ 40കാരിയായ വിദേശ വനിതയെ ടൂറിസ്റ്റ് ഗൈഡ് എന്ന വ്യാജേന പ്രതികള്‍ ആളൊഴിഞ്ഞ കണ്ടല്‍ക്കാട്ടിലേക്കു കൂട്ടിക്കൊണ്ടു പോയി ലഹരി മരുന്നു നല്‍കി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയെന്നാണ് കേസ്. കേസ് കെട്ടിച്ചമച്ചതെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍റെ വാദം.
തിരുവനന്തപുരം ഒന്നാം അഡിഷണല്‍ സെഷൻസ് കോടതി ജഡ്‌ജി സനിൽ കുമാറാണ് കേസ് പരിഗണിക്കുന്നത്. സാങ്കേതിക തടസം കാരണം ലിഗയുടെ സഹോദരിക്ക് ഓൺലൈൻ വഴി കോടതി നടപടികൾ കേൾക്കാൻ സാധിച്ചില്ല. 104ൽ പരം സാക്ഷികൾ കുറ്റപത്രത്തിൽ ഉണ്ടായിരുന്നു എങ്കിലും പ്രൊസിക്യൂഷൻ 30 സാക്ഷികളെയാണ് വിസ്‌തരിച്ചത്.
28 സാക്ഷികൾ പ്രോസിക്യൂഷനെ അനുകൂലിച്ചപ്പോൾ, രണ്ടു പേർ കൂറുമാറിയിരുന്നു. തിരുവനന്തപുരം കെമിക്കൽ ലബോറട്ടറിയിലെ അസി. കെമിക്കൽ എക്‌സാമിനർ അശോക് കുമാർ, സ്വതന്ത്ര സാക്ഷി എന്നിവരാണ് കൂറുമാറിയത്.