തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങൾക്ക് ഇളവ് നൽകി ബീച്ചുകൾ തുറന്നു കൊടുത്തിട്ടും ആൾത്തിരക്കില്ലാതെ കോവളം. വിദേശികളുടെയും അന്യസംസ്ഥാന സഞ്ചാരികളുടെയും പറുദീസയായിരുന്ന കോവളം ബീച്ചിൽ പഴയ തിരക്കില്ല. തിരുവനന്തപുരം നഗരത്തിലെ താമസക്കാരും അപൂർവമായി തമിഴ്‌നാട്ടിൽ നിന്നും മറ്റും എത്തുന്നവരുമാണ് ഇപ്പോൾ കോവളം തീരത്തെ സജീവമാക്കുന്നത്. പുതുതായി വിദേശികളും ബീച്ചിലേക്ക് എത്തുന്നില്ല.
നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയെങ്കിലും തിരക്കൊഴിഞ്ഞ് കോവളം ബീച്ച് - kovalam beach updates
കോവളം ബീച്ചിലെ പ്രഭാതങ്ങളും സായാഹ്നങ്ങളും കാണാനെത്തുന്ന സന്ദർശകരിൽ വലിയ കുറവാണുള്ളത്
ലോക്ക് ഡൗൺ കാലത്ത് പ്രദേശത്ത് കുടുങ്ങിയ ചില വിദേശികൾ നടക്കാനിറങ്ങുന്നതൊഴിച്ചാൽ പ്രഭാതങ്ങൾ ശൂന്യമാണ്. തിരക്കൊഴിഞ്ഞ തീരത്ത് വൈകുന്നേരങ്ങൾ ചെലവിടാൻ നാട്ടുകാരിൽ ചിലരെത്തുന്നുണ്ട്. കേരളത്തോട് ചേർന്ന് കിടക്കുന്ന തമിഴ്‌നാട്ടിലെ പ്രദേശങ്ങളിൽ നിന്നും സഞ്ചാരികൾ വരുന്നുണ്ട്. ആളും ബഹളവുമില്ലാത്ത ബീച്ചിലെത്തുന്നവർക്കും നിരാശ മാത്രം. കൊവിഡ് നിയന്ത്രണങ്ങൾ പൂർണമായി നീങ്ങാതെ ബീച്ചിൽ സഞ്ചാരികളുടെ തിരക്കുണ്ടാകാൻ സാധ്യതയില്ല. രോഗഭീതി പൂർണമായി ഒഴിയാതെ വിദേശികൾ എത്താനും സാധ്യതയില്ല. സഞ്ചാരികളൊഴിഞ്ഞ കോവളം തീരത്ത് കച്ചവടക്കാരും കുറവാണ്.