തിരുവനന്തപുരം:കോവളം ബീച്ചിലും സമീപ പ്രദേശങ്ങളിലും നായകള്‍ കൂട്ടത്തോടെ ചാകുന്നതില്‍ ആശങ്കയുയര്‍ത്തി നാട്ടുകാർ. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 20 ലധികം നായകളാണ് ബീച്ചിലെ പല സ്ഥലങ്ങളിലായി ചത്തത്. ചെന്നി രോഗത്തിന് സമാനമായ വിറയൽ, ശ്വാസതടസം എന്നീ ലക്ഷണങ്ങള്‍ കാണപ്പെടുന്നവയെയാണ് ചാകുന്നത്.
കോവളം ബീച്ചിലും സമീപ പ്രദേശങ്ങളിലും നായകള്‍ കൂട്ടത്തോടെ ചാകുന്നു. പ്രദേശത്ത് പലയിടത്തും കൂടുതല്‍ നായകളെ അവശനിലയില്‍ കണ്ടെത്തിയിട്ടുണ്ട്. രോഗ ലക്ഷണം കാണിച്ച്, രണ്ടുദിവസത്തിനകം ചാവുകയാണ് പതിവ്. വായുവിലൂടെ പകരുന്ന വൈറസ് ബാധയാണ് രോഗത്തിന് കാരണമെന്നാണ് മൃഗസംരക്ഷണ വിഭാഗം അധികൃതർ പറയുന്നത്.
കനൈൻ ഡിസ്റ്റംബർ അഥവാ സി.ഡി എന്നറിയുന്ന രോഗമാണെന്നാണ് പ്രാഥമിക നിഗമനം. ചില സീസണുകളിൽ ഇത് വ്യാപകമാകും. വിലകൂടിയ പ്രതിരോധ വാക്‌സിനാണ് ഇത് തടയാനുള്ള മാർഗമെന്നും അധികൃതർ പറയുന്നു.
ALSO READ:പാമ്പുകളെ കൈവശം വച്ച് വില്‍പ്പന: 19 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തതായി എ.കെ ശശീന്ദ്രന്‍
കോവളത്ത് വിവിധ ബീച്ചുകളിലായിട്ട് 200 ലധികം നായകളുണ്ട്. ഇവിടെ തങ്ങുന്ന വിദേശികൾ, വ്യാപാരികള്‍ ഉൾപ്പെടെയുള്ളവരാണ് ഈ മൃഗങ്ങള്‍ക്ക് തീറ്റ നൽകിവരുന്നത്. കൊവിഡ് മഹാമാരിയ്ക്ക് പിന്നാലെ ഓമനമൃഗങ്ങൾക്ക് ഉൾപ്പെടെ ബാധിക്കാൻ സാധ്യതയുള്ള ഈ രോഗം മൃഗസ്നേഹികളിലും, നാട്ടുകാരിലും ആശങ്കയ്‌ക്കിടയാക്കിയിട്ടുണ്ട്.