കൊല്ലം/തിരുവനന്തപുരം :കൊട്ടിയം തഴുത്തലയിൽ നിന്ന് തട്ടിക്കൊണ്ടുപോയ പതിനാലുകാരനെ തമിഴ്‌നാട് അതിർത്തിയായ പാറശ്ശാലയിൽ നിന്ന് പൊലീസ് കണ്ടെത്തി. കുട്ടിയെ കടത്തിക്കൊണ്ടുപോയ സംഘത്തിൽപ്പെട്ട ഒരാളെ അറസ്റ്റ് ചെയ്‌തു. പ്രതികള്‍ ഉപയോഗിച്ച കാര്‍ പിടികൂടിയിട്ടുണ്ട്. സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവർ പൊലീസ് പിന്തുടരുന്നത് കണ്ട് രക്ഷപ്പെട്ടു.
തമിഴ്‌നാട് മാർത്താണ്ഡം സ്വദേശി ബിജുവാണ് പൊലീസ് പിടിയിലായത്. മുഖത്തല കിഴവൂർ ഫാത്തിമ മൻസിലിൽ വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിലെ ഒമ്പതാം ക്ലാസുകാരനെയാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. കുട്ടിയുടെ സഹോദരി തടയാൻ ശ്രമിച്ചെങ്കിലും സംഘം ക്രൂരമായി മർദിച്ച ശേഷം തട്ടിക്കൊണ്ടുപോവുകയായിരുന്നു.
നിര്‍ണായകമായി സിസിടിവി ദൃശ്യങ്ങള്‍ :സംഭവം കണ്ട് ഓടിയെത്തിയ അയൽവാസിയെയും സംഘം മർദിച്ചു. ഉടൻ തന്നെ കൊട്ടിയം പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ലഭിച്ച കാറിൻ്റെ നമ്പരും മറ്റ് വിവരങ്ങളും വയർലസിലൂടെ മറ്റ് സ്‌റ്റേഷനുകളിൽ അറിയിച്ചതിനെ തുടർന്ന് പൊലീസ് പരിശോധന കർശനമാക്കിയിരുന്നു.
കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതിന്‍റെ സിസിടിവി ദൃശ്യം സംഘം തട്ടിക്കൊണ്ടുപോയ വാഹനം ഇടയ്ക്ക് മാറിയെങ്കിലും കേരള-തമിഴ്‌നാട് അതിർത്തിയിൽ നടന്ന പരിശോധനയിൽ കുട്ടിയെ കണ്ടെത്തുകയും ഒരാളെ പിടികൂടുകയുമായിരുന്നു. സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. കുട്ടിയുടെ കുടുംബം ബന്ധുവിൽ നിന്ന് 10 ലക്ഷം രൂപ കടം വാങ്ങിയിരുന്നു.
ഇത് തിരികെ നൽകിയിരുന്നില്ല. പണം വാങ്ങിയെടുക്കാൻ ബന്ധുവിന്‍റെ മകൻ ക്വട്ടേഷൻ നൽകി കുട്ടിയെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. തമിഴ്‌നാട് മാർത്താണ്ഡത്തേക്ക് എത്തിക്കുകയായിരുന്നു ലക്ഷ്യം. ക്വട്ടേഷൻ നൽകിയത് ഒരു ലക്ഷം രൂപയ്ക്കാണെന്നാണ് സൂചന.