തിരുവനന്തപുരം: ശ്രീനാരായണഗുരുവിനെ റാഞ്ചാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നുവെന്ന് കോടിയേരി ബാലകൃഷ്ണന്‍. മോദിയുടെ പ്രസംഗം ഗുരുനിന്ദയെന്നും, രാജ്യത്തെ മുസ്‌ലിം വിരുദ്ധത ആളിക്കത്തിക്കാന്‍ ഗുരുവിനെ, ബി ജെ പി കൂട്ടുപിടിക്കുന്നുവെന്നും കോടിയേരി. ദേശാഭിമാനി പത്രത്തിലെ ലേഖനത്തിലാണ് കോടിയേരിയുടെ വിമര്‍ശനം. മോദിയുടെ ഗുരുനിന്ദ എന്ന തലക്കെട്ടോടെയാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്
ശിവഗിരി ബ്രഹ്മവിദ്യാലയ കനകജൂബിലിയുടെയും തീർഥാടന നവതിയുടെയും ഉദ്ഘാടനത്തില്‍ മോദി നടത്തിയ പ്രസംഗത്തിനെതിരെയാണ് കോടിയേരിയുടെ പ്രതികരണം. നരേന്ദ്രമോദി ശ്രീനാരായണഗുരുവിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന ഭാരതീയ സംസ്കാരവും മൂല്യവും ഹിന്ദുത്വ അജണ്ടയുടെതാണ്. മനുഷ്യർക്ക് മനുഷ്യത്വം എന്ന ഒരു ജാതി മാത്രമേയുള്ളൂ എന്ന് ഓർമ്മിപ്പിച്ച ഗുരുവും ഹിന്ദു രാഷ്ട്ര സ്ഥാപനത്തിനുവേണ്ടി ഭരണചക്രം തിരിക്കുന്ന നരേന്ദ്രമോദിയുടെ ഭരണ ഭാഷയും തമ്മിൽ യോജിക്കില്ല. കടലും കടലാടിയും തമ്മിലുള്ള സാമ്യം മാത്രമാണ് ഇതിന് ഉള്ളതെന്ന് കോടിയേരി പറഞ്ഞു.
ദേശാഭിമാനിയില്‍ വന്ന ലേഖനം ഗുരുവിനെ ആദരിക്കാൻ പ്രധാനമന്ത്രിക്ക് ലഭിക്കുന്ന അവസരം, ഗുരുവിന്‍റെ നിലപാടുകളെയും ദർശനങ്ങളെയും തിരസ്കരിക്കാനും സംഘപരിവാറിന്‍റെ കാവിവർണ ആശയങ്ങൾ ഒളിച്ചുകടത്താനുള്ള അവസരമാക്കുന്നത് അനുചിതമാണെന്ന് കോടിയേരി വ്യക്തമാക്കുന്നു.
ഇന്ത്യയിൽ ആത്മീയത വളരുന്നതിനു ശ്രീനാരായണഗുരു സംഭാവന നൽകിയെന്ന മോദിയുടെ വിലയിരുത്തലുകൾ ചരിത്ര നിഷേധവും അസംബന്ധവുമാണെന്ന് കോടിയേരി ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ പറഞ്ഞു. ഗുരു ഭൗതികവാദത്തെയോ ഭൗതികവാദികളെയോ വെറുപ്പിന്‍റെ കള്ളിയിൽ അടയ്ക്കുകയായിരുന്നില്ല. ആത്മീയാചാര്യനായിരുന്നെങ്കിലും ഭൗതികവാദ ചിന്തയുള്ളവരെ അകറ്റുകയോ കൂടെ കൂട്ടാതിരിക്കുകയോ ചെയ്തില്ല.
ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്നു ഗുരു പറഞ്ഞപ്പോൾ ജാതിവേണ്ട, മതം വേണ്ട, ദൈവം വേണ്ട എന്നാണ് സഹോദരൻ അയ്യപ്പൻ വ്യക്തമാക്കിയത്. അതുകൊണ്ട് അയ്യപ്പൻ ഗുരുവിന്‍റെ ഏറ്റവും ഉത്തമനായ ശിഷ്യൻ അല്ലാതായില്ലെന്ന് കോടിയേരി ചൂണ്ടിക്കാട്ടി. ഗുരു ആധുനികതയെ കുറിച്ച് സംസാരിച്ചെങ്കിലും ഭാരതീയ സംസ്കാരത്തെയും മൂല്യങ്ങളെയും സമ്പന്നമാക്കിയെന്ന അഭിപ്രായവും മോദിയിൽ നിന്നുണ്ടായി.
ആധുനിക ജീവിതം കൈവരിക്കാൻ വിദ്യ അഭ്യസിക്കണമെന്നും അതിന് വിദ്യാലയങ്ങൾ വ്യാപകമായി തുടങ്ങണമെന്നും നല്ല തൊഴിൽ നേടണമെന്നും അതിന് വ്യവസായങ്ങൾ ആരംഭിക്കണമെന്നും ജാതിഭേദമില്ലാതെ ജീവിക്കണമെന്നുമുള്ള ഗുരുദർശനം ആധുനികതയിലേക്ക് സമൂഹത്തെ നയിക്കാനുള്ള ഉറച്ച പ്രേരണ ആയിരുന്നു. മോദിയുടെ അഭിപ്രായം കേട്ടാൽ ഗുരു അത് അബദ്ധത്തിൽ സംസാരിച്ചു പോയതാണെന്ന് തോന്നുമെന്നും കോടിയേരി ചൂണ്ടിക്കാട്ടുന്നു.
also read:'ശ്രീ നരേന്ദ്ര മോദി നിലയ': ആരാധന മൂത്തു, പുതിയ വീടിന് മോദിയുടെ പേര് നല്‍കി കർണാടക സ്വദേശി