തിരുവനന്തപുരം: സ്വർണ കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെതിനായ അന്വേഷണങ്ങൾ സർക്കാരിനേയോ പാർട്ടിയേയോ ബാധിക്കുന്നതല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അന്വേഷണവും ആരോപണവും ബാധിക്കുന്നത് ശിവശങ്കറിനെ വ്യക്തിപരമായി മാത്രമാണ്. ശിവശങ്കറിനെ ഇതുവരെ പ്രതിയാക്കിയിട്ടില്ല. എൻ.ഐ.എ അന്വേഷണം നടക്കട്ടെ. എല്ലാ വിവരങ്ങളും പുറത്തു വരട്ടെ. അന്വേഷണത്തിന്‍റെ ഭാഗമായി അന്വേഷണ ഏജൻസിക്ക് എവിടെ വേണമെങ്കിലും പരിശോധിക്കാം. ഒരു അന്വേഷണത്തേയും തടസപ്പെടുത്തുന്ന നടപടി സർക്കാരിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാകില്ല. വസ്‌തുതകൾ പുറത്തു വരുമ്പോൾ പുകമറ മാറുമെന്നും കോടിയേരി പറഞ്ഞു. അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയതൊന്നും പുതിയ വിഷയമല്ല. പ്രധാനമന്ത്രിമാരുടെ ഓഫീസിൽ വരെ പരിശോധന നടന്ന നാടാണിതെന്ന് കോടിയേരി പറഞ്ഞു.
അന്വേഷണം സർക്കാരിനേയോ പാർട്ടിയേയോ ബാധിക്കില്ല: പ്രതിപക്ഷം കൊവിഡ് ജാഗ്രത അട്ടിമറിച്ചെന്നും കോടിയേരി
അന്വേഷണത്തിന്‍റെ ഭാഗമായി അന്വേഷണ ഏജൻസിക്ക് എവിടെ വേണമെങ്കിലും പരിശോധിക്കാം. കൊവിഡ് പ്രതിരോധത്തെ അട്ടിമറിക്കുന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിക്കുന്നത്.
കൺസൾട്ടൻസി കരാറുകൾ പാടില്ലെന്ന് സിപിഎം തീരുമാനിച്ചിട്ടില്ല. ഇത്തരത്തിൽ ഒരു കരാറും റദ്ദാക്കാൻ പാർട്ടി നിർദ്ദേശം നൽകിയിട്ടില്ല. കൺസൾട്ടൻസി കരാറുകൾ മുൻ സർക്കാരുകൾ ഉപയോഗിച്ചിട്ടുണ്ടെന്നും കോടിയേരി വ്യക്തമാക്കി. പേഴ്സണൽ സ്‌റ്റാഫ് അംഗങ്ങളുടെ യോഗം വിളിച്ചതിൽ തെറ്റില്ല. പേഴ്സണൽ സ്‌റ്റാഫിലെ സർക്കാർ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് സർക്കാരിനെതിരായ പ്രവർത്തനത്തിന് ഉപയോഗിക്കുന്ന പ്രതിപക്ഷ നേതാവാണ് ചട്ടം പറയുന്നതെന്നും കോടിയേരി പറഞ്ഞു.
കൊവിഡ് പ്രതിരോധത്തെ അടക്കം അട്ടിമറിക്കുന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിക്കുന്നത്. പ്രതിപക്ഷ നേതാക്കളുടെ പ്രവർത്തനം ജനങ്ങളിലെ ജാഗ്രതയിൽ കുറവുണ്ടാക്കി. ബി ജെ പിയും കോൺഗ്രസും ആയിരം നുണകൾ പറഞ്ഞ് ആശയക്കുഴപ്പം ഉണ്ടാക്കുകയാണ്. ബിജെപി പ്രസിഡന്‍റ് രാവിലെ പറയുന്നത് വൈകുന്നേരം പ്രതിപക്ഷ നേതാവ് ആവർത്തിക്കുകയാണ്. ഇത്തരത്തിൽ ആർ.എസ്.എസിന് പ്രിയപ്പെട്ടവനായി രമേശ് ചെന്നിത്തല മാറുകയാണ്. ഉമ്മൻ ചാണ്ടിയും, കുഞ്ഞാലിക്കുട്ടിയും അല്ലാത്ത ഒരാൾ യു ഡി എഫ് നിയന്ത്രിക്കണമെന്ന ആർ.എസ്.എസ് അഗ്രഹം അവർ രമേശ് ചെന്നിത്തലയിലൂടെ നടപ്പിലാക്കുകയാണ്. ആർ.എസ്.എസ് പറയുന്നത് ചെയ്യുന്ന തരത്തിലേക്ക് കേരളത്തിലെ പ്രതിപക്ഷം മാറിയെന്നും കോടിയേരി ആരോപിച്ചു.