തിരുവനന്തപുരം : ആലപ്പുഴ കലക്‌ടർ സ്ഥാനത്ത് നിന്ന് ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയത് ജനങ്ങളുടെ പ്രതിഷേധം കണക്കിലെടുത്തെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ.പാർട്ടി ദിനപത്രമായ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പരാമർശം. ജനാധിപത്യപരമായ വിയോജിപ്പുകളെ അസഹിഷ്‌ണുതയോടെ തള്ളുന്ന മനോഭാവം എൽഡിഎഫ് സർക്കാരിനില്ലെന്നും ലേഖനത്തിൽ കോടിയേരി പറഞ്ഞു.
'പത്രപ്രവർത്തകനെ കാറിടിച്ചു കൊന്ന കേസിൽ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ നിയമം നിർബന്ധിച്ചതിനാലാണ് സർവീസിൽ തിരിച്ചെടുത്തത്. പിന്നീട് സർവീസ് നടപടിക്രമങ്ങളുടെ ഭാഗമായി ആലപ്പുഴയിൽ കലക്‌ടറാക്കി. എന്നാൽ, അതിൽ പൗര സമൂഹത്തിൽ എതിർപ്പുണ്ടായി. ആ വികാരം കണക്കിലെടുത്താണ് നിയമനം സർക്കാർ റദ്ദാക്കിയത്. ഈ സംഭവം വ്യക്തമാക്കുന്നത് ജനാധിപത്യപരമായ ന്യായമായ വിയോജിപ്പുകളെ അസഹിഷ്‌ണുതയോടെ തള്ളുന്ന സമീപനം എൽഡിഎഫ് സർക്കാരില്ലെന്നാണ് ' - കോടിയേരി ലേഖനത്തിൽ വ്യക്തമാക്കി.