കേരളം

kerala

ETV Bharat / state

സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും കോടിയേരിയുടെ മാറ്റം, അന്തിമ തീരുമാനം സംസ്ഥാന നേതൃയോഗത്തില്‍ - പ്രകാശ് കാരാട്ട്

രോഗത്തെ തുടര്‍ന്ന് കോടിയേരി ബാലകൃഷ്‌ണന്‍ വിശ്രമിക്കുന്നതിനാല്‍ സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയുകയാണെന്ന് കോടിയേരി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നതിനാണ് അടിയന്തരമായി നാളെയും മറ്റന്നാളുമായി സംസ്ഥാന നേതൃയോഗം സിപിഎം വിളിച്ചിരിക്കുന്നത്

Kodiyeri Balakrishnan  post of CPM state secretary  CPM state secretary  CPM  സിപിഎം സംസ്ഥാന സെക്രട്ടറി  കോടിയേരി ബാലകൃഷ്‌ണന്‍  സിപിഎം  സീതാറാം യെച്ചൂരി  പ്രകാശ് കാരാട്ട്  പോളിറ്റ് ബ്യൂറോ
സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും കോടിയേരിയുടെ മാറ്റം, അന്തിമ തീരുമാനം സംസ്ഥാന നേതൃയോഗത്തില്‍

By

Published : Aug 27, 2022, 7:11 PM IST

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും കോടിയേരി ബാലകൃഷ്‌ണന്‍ മാറി നില്‍ക്കാന്‍ സാധ്യത. അനാരോഗ്യത്തെ തുടര്‍ന്നാണ് കോടിയേരി മാറി നില്‍ക്കുന്നത് എന്നാണ് വിവരം. ഇക്കാര്യം കോടിയേരി ബാലകൃഷ്‌ണന്‍ തന്നെ കേന്ദ്ര നേതൃത്വത്തെ അറിയിച്ചു.

ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നതിനാണ് അടിയന്തരമായി നാളെയും മറ്റന്നാളുമായി സംസ്ഥാന നേതൃയോഗം സിപിഎം വിളിച്ചിരിക്കുന്നത്. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട് അടക്കമുള്ള നേതാക്കള്‍ നാളെ (ഓഗസ്റ്റ് 28) മുതല്‍ ചേരുന്ന നേതൃയോഗത്തില്‍ പങ്കെടുക്കുന്നതും ഈ നിര്‍ണായകമായ മാറ്റം തീരുമാനിക്കാനാണെന്നാണ് വിവരം. നാളെ രാവിലെ 9 മണിക്ക് സംസ്ഥാന സെക്രട്ടേറിയറ്റും പതിനൊന്ന് മണിക്ക് സംസ്ഥാന സമിതിയും യോഗം ചേരും.

സംസ്ഥാന സമിതി യോഗം തിങ്കളാഴ്‌ചയും തുടരും. നാളെ എകെജി സെന്‍ററില്‍ സിപിഎം പോളിറ്റ് ബ്യൂറോയും യോഗം ചേരുന്നുണ്ട്. കോടിയേരി മാറുന്ന കാര്യത്തിലെ കേന്ദ്ര നേതൃത്വത്തിന്‍റെ അന്തിമ തീരുമാനം ഈ യോഗത്തിലാകും ഉണ്ടാവുക. താത്‌കാലികമായി ചുമതല കൈമാറണമോ അതോ പുതിയ സെക്രട്ടറിയെ നിയമിക്കണമോ എന്ന കാര്യത്തിലാണ് ഇപ്പോള്‍ ആലോചന നടക്കുന്നത്.

അനാരോഗ്യത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോടിയേരി വിശ്രമത്തിലാണ്. സിപിഎമ്മിന്‍റെ സംഘടന സംവിധാനത്തെ ഇത് കാര്യമായി ബാധിക്കുന്നുണ്ട് എന്നാണ് വിലയിരുത്തല്‍. ഇത് പരിഗണിച്ചാണ് മാറി നില്‍ക്കാന്‍ തയാറാണെന്ന് കോടിയേരി തന്നെ നേതൃത്വത്തെ അറിയിച്ചത്.

ഇന്ന്(ഓഗസ്‌റ്റ് 27) മുഖ്യമന്ത്രി പിണറായി വിജയന്‍ കോടിയേരിയെ വീട്ടിലെത്തി സന്ദര്‍ശിച്ചിരുന്നു. ഇക്കാര്യങ്ങളിലെ നിര്‍ണായക ചര്‍ച്ചകള്‍ ഈ കൂടിക്കാഴ്‌ചയില്‍ നടന്നുവെന്നാണ് വിവരം. കോടിയേരി മാറി നില്‍ക്കുകയാണെങ്കില്‍ പിബി അംഗം എ വിജയരാഘവന്‍, കേന്ദ്ര കമ്മിറ്റിയംഗം എ കെ ബാലന്‍, ഇടത് മുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍ എന്നിവരില്‍ ഒരാള്‍ സെക്രട്ടറി സ്ഥാനത്ത് എത്താനാണ് സാധ്യത.

സര്‍വകലാശാല നിയമനങ്ങളുടെ പേരില്‍ സര്‍ക്കാരുമായി ഉടക്കി നില്‍ക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ നടപടിയെ സംബന്ധിച്ചും നേതൃയോഗങ്ങളില്‍ ചര്‍ച്ച നടക്കും. വിഴിഞ്ഞം തുറമുഖ നിര്‍മാണം തടഞ്ഞ് മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരം എങ്ങനെ പരിഹരിക്കാമെന്ന ചര്‍ച്ചയും യോഗങ്ങളില്‍ നടക്കും.

ABOUT THE AUTHOR

...view details