തിരുവനന്തപുരം: ഇടത് ഐക്യം ദൃഢപ്പെടുത്തുന്നതിൽ കോടിയേരി ബാലകൃഷ്‌ണന്‍റെ പങ്ക് മറക്കാനാകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കോടിയേരിയുടെ വിയോഗം അപരിഹാര്യമായ നഷ്‌ടമാണെന്നും അദ്ദേഹം പറഞ്ഞു.
'കോടിയേരിയുടെ വിയോഗം അപരിഹാര്യമായ നഷ്‌ടം'; സിപിഐ സംസ്ഥാന സമ്മേളനം ചുരുക്കിയെന്ന് കാനം രാജേന്ദ്രൻ - കോടിയേരി
സിപിഐ സംസ്ഥാന സമ്മേളനം നടക്കുന്നതിനാൽ സിപിഐ നേതാക്കൾക്ക് ആർക്കും കണ്ണൂരിലേക്ക് പോകാനാകുന്നില്ലെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു.
കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തെ ശക്തമായി മുന്നോട്ടു നയിക്കുന്നതിൽ കോടിയേരി സുപ്രധാനപങ്ക് വഹിച്ചു. നാല് പതിറ്റാണ്ടിലേറെയായി വ്യക്തിപരമായ ബന്ധവും സൗഹൃദവുമുണ്ടായിരുന്നു. നിയമസഭ പ്രവർത്തനത്തിനിടയിൽ അത് ദൃഢമായി. ദുഃഖത്തിൽ സിപിഐയും വ്യക്തിപരമായും പങ്കുചേരുന്നതായി കാനം പറഞ്ഞു. സിപിഐ സംസ്ഥാന സമ്മേളനം നടക്കുന്നതിനാൽ ആർക്കും കണ്ണൂരിലേക്ക് പോകാനാകുന്നില്ലെന്നും കാനം കൂട്ടിച്ചേർത്തു.
അതേസമയം, കോടിയേരി ബാലകൃഷ്‌ണന്‍റെ വിയോഗത്തെ തുടർന്ന് സിപിഐ സംസ്ഥാന സമ്മേളന പരിപാടികൾ പ്രതിനിധി സമ്മേളനം മാത്രമായി ചുരുക്കി. സമ്മേളനത്തോട് അനുബന്ധിച്ച് നേരത്തെ നടത്താൻ നിശ്ചയിച്ചിരുന്ന സെമിനാറും അനുബന്ധ പരിപാടികളും ഒഴിവാക്കി. സിപിഐ സംസ്ഥാന സമ്മേളനം കോടിയേരിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.