തിരുവനന്തപുരം:കിഫ്‌ബിയ്‌ക്കെതിരായ എൻഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റിന്‍റെ നീക്കങ്ങളെ രാഷ്‌ട്രീയപരമായും നിയമപരമായും നേരിടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. ഇഡിയെ ഉപയോഗിച്ച് കേരളത്തിലെ വികസനത്തെ തകർക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. പാർലമെന്‍റ് തെരഞ്ഞെടുപ്പിന് മുൻപ് സംസ്ഥാനത്തെ വികസനം തടയുകയെന്ന ലക്ഷ്യത്തോടെയാണ് ഇഡിയുടെ ഇടപെടലുകളെന്നും കോടിയേരി പറഞ്ഞു.
'കേരളത്തിലെ വികസനം തടയാൻ കേന്ദ്രം ശ്രമിക്കുന്നു'; ഇഡി നീക്കങ്ങളെ നേരിടുമെന്ന് കോടിയേരി ബാലകൃഷ്‌ണൻ - സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ
പല സംസ്ഥാനങ്ങളിലെയും പോലെ കേരളത്തിലും ഇഡിയെ ഉപയോഗിച്ച് ഭരണം അട്ടിമറിക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് കോടിയേരി ബാലകൃഷ്‌ണൻ.
ഇഡിയെ ഉപയോഗിച്ചാണ് പല സംസ്ഥാനങ്ങളിലും ബിജെപി ഭരണം അട്ടിമറിച്ചത്. അത് കേരളത്തിലും പയറ്റാനാണ് ശ്രമം. ഇതിന്‍റെ ഭാഗമായിട്ടാണ് മുന്‍ ധനമന്ത്രി തോമസ് ഐസക്കിന് നോട്ടീസ് നൽകിയിരിക്കുന്നത്. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും രാജ്യത്തെ മികച്ച അഭിഭാഷകരുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും കോടിയേരി വ്യക്തമാക്കി.
ഇഡിയോടുള്ള സമീപനം കേരളത്തിലെ കോണ്‍ഗ്രസ് മാറ്റിയത് സ്വാഗതാര്‍ഹമാണെന്നും കോടിയേരി പറഞ്ഞു. നിത്യോപയോഗ സാധനങ്ങൾക്കുള്ള ജിഎസ്‌ടി വര്‍ധിപ്പിച്ചതിനെ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. നിരക്ക് വര്‍ധിപ്പിച്ച നടപടിയില്‍ പ്രതിഷേധിച്ച് ഓാഗസ്റ്റ് 10ന് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും കോടിയേരി വ്യക്തമാക്കി.