തിരുവനന്തപുരം:എം.എം മണി നിയമസഭയില്‍ നടത്തിയ പരാമര്‍ശം സംബന്ധിച്ച ചര്‍ച്ചകളൊന്നും പാര്‍ട്ടിയില്‍ നടത്തിയിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. നിയമസഭയിലുണ്ടായ ഒരു സംഭവം നിയമസഭയില്‍ തന്നെ അവസാനിപ്പിക്കേണ്ടതാണെന്നാണ് അഭിപ്രായം. പ്രശ്‌നത്തില്‍ അണ്‍ പാര്‍ലമെന്‍ററിയായി ഒന്നുമില്ലെന്ന് സ്‌പീക്കര്‍ വ്യക്തമാക്കിയിട്ടുണ്ട്.
എം.എം മണിയുടേത് പ്രസംഗ ശൈലി മാത്രമാണ്. പി.ടി ഉഷയ്‌ക്കെതിരെ എളമരം കരീമും സി.പി.എം കോഴിക്കോട് ജില്ല സെക്രട്ടറി പി. മോഹനനും നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ ഏതു സാഹചര്യത്തിലെന്നറിയില്ലെന്നും കോടിയേരി പറഞ്ഞു. പ്രതിപക്ഷ നേതാവ് പറയുന്നതു പോലെ സി.പി.എമ്മിന് കോടതിയില്ല. ഇടുക്കിയില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ ധീരജിന്‍റെ കൊലപാതകവും കോണ്‍ഗ്രസ് വിട്ട് സി.പി.എമ്മിലെത്തിയ ഡി.സി.സി പ്രസിഡന്‍റ് അബ്‌ദുല്‍ഖാദറിനെ കോണ്‍ഗ്രസുകാര്‍ വെടിവച്ചു കൊന്നതും ഏതു ജഡ്‌ജിയുടെ വിധിയായിരുന്നെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കണം.
കോടിയേരി ബാലകൃഷ്‌ണന്‍ വാര്‍ത്താസമ്മേളനത്തില്‍ സി.പി.എം ഒരു കാലത്തും ആര്‍.എസ്.എസുമായി ബന്ധപ്പെട്ടിട്ടില്ല. ജനതാപാര്‍ട്ടിയുമായി ചേര്‍ന്നാണ് 1977ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. 1979ല്‍ തലശേരിയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇത്തരത്തില്‍ ഒരു ആരോപണം ഉയര്‍ന്നപ്പോള്‍ ആര്‍.എസ്.എസ് വോട്ട് വേണ്ടെന്ന് സി.പി.എം പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. സതീശന്‍ പറവൂരില്‍ ആദ്യ തെരഞ്ഞെടുപ്പില്‍ തോറ്റപ്പോള്‍ ജയിക്കാന്‍ വേണ്ടി ആര്‍.എസ്.എസ് പരിപാടികളില്‍ പങ്കെടുക്കാന്‍ തയ്യാറായി. അതാണ് ഇപ്പോള്‍ ആര്‍.എസ്.എസുകാര്‍ പരസ്യമായി വിളിച്ചു പറയുന്നത്.
ഇക്കാര്യത്തില്‍ പ്രതിപക്ഷ നേതാവ് ഒളിച്ചു കളി അവസാനിപ്പിക്കണം. വി.എസ് അച്യുതാനന്ദന്‍ പങ്കെടുത്ത പരിപാടിയില്‍ നടത്തിയ പ്രസംഗം ആര്‍.എസ്.എസിനെ വിമര്‍ശിച്ചു കൊണ്ടുള്ളതാണെന്ന് വ്യക്തമായിട്ടുണ്ടല്ലോ. എന്നാല്‍ ആര്‍.എസ്.എസ് വേദിയില്‍ എന്താണ് പറഞ്ഞതെന്ന് വ്യക്തമാക്കാന്‍ സതീശന്‍ തയ്യാറായിട്ടില്ല. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സംസ്ഥാന സര്‍ക്കാരിനെ അപ്രസക്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുകയാണ്.
സംസ്ഥാനത്ത് നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ കേന്ദ്രത്തിന്‍റേതാണ് എന്നു വരുത്താനാണ് ബി.ജെ.പിയുടെ ശ്രമം. ഒരു ഡസനോളം കേന്ദ്രമന്ത്രിമാരെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി കേരളത്തിലെത്തിക്കാനാണ് നോക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലും ബി.ജെ.പി ഇതൊക്കെ നടപ്പാക്കിയതാണെന്നും എന്നിട്ട് അവര്‍ക്ക് ഒരു സീറ്റെങ്കിലും നേടാനായോ എന്നും കോടിയേരി ചോദിച്ചു.