കേന്ദ്ര സഹമന്ത്രി അൽഫോൺസ് കണ്ണന്താനത്തിനെതിരെ രൂക്ഷ വിമർശനമുന്നയിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പുല്‍വാമയിലുണ്ടായ ആക്രമണത്തില്‍ മരിച്ച ഹവില്‍ദാര്‍ വസന്തകുമാറിന്‍റെ ഭൗതികശരീരത്തിന് മുന്നില്‍നിന്ന് സെല്‍ഫിയെടുത്ത് സമൂഹ മാധ്യമത്തില്‍ പങ്കുവച്ച അല്‍ഫോണ്‍സ് കണ്ണന്താനത്തിനെതിരെയാണ് കോടിയേരി രംഗത്തെത്തിയത്.
കശ്മീരിലെ പുൽവാമയിൽ ഭീകരാക്രമണത്തിൽ മരിച്ച ധീരജവാൻ വി.വി.വസന്ത കുമാറിന്‍റെ ഭൗതികശരീരം അദ്ദേഹത്തിന്‍റെ വസതിയിൽ പൊതുദര്‍ശനത്തിനുവച്ചപ്പോഴാണ് സെല്‍ഫി ചിത്രവും കുറിപ്പും അടക്കം കണ്ണന്താനം പോസ്റ്റ് ചെയ്തത്. വസന്തകുമാറിനെ പോലുള്ള ധീരജവാൻമാരുടെ ജീവത്യാഗം മൂലമാണ് നമുക്ക് ഇവിടെ സുരക്ഷിതമായി ജീവിക്കാൻ സാധിക്കുന്നതെന്നായിരുന്നു ചിത്രം പങ്കുവച്ചുകൊണ്ട് കണ്ണന്താനം കുറിച്ചത്. എന്നാൽ അനൗചിത്യപരമായ സെല്‍ഫിയില്‍ പ്രതിഷേധം ഉയര്‍ന്നതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്തു.