തിരുവനന്തപുരം:കൊടകര കുഴൽപ്പണ കേസിൽ നിയമസഭയിൽ അടിയന്തര പ്രമേയത്തിന് പ്രതിപക്ഷത്തിന്‍റെ നോട്ടീസ്. റോജി എം. ജോൺ എംഎൽഎയാണ് ബിജെപി നേതാക്കൾ ആരോപണ വിധേയരായ കേസ് സഭ നിർത്തിവച്ചു ചർച്ച ചെയ്യണം എന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. കേസിൽ ബിജെപി നേതാക്കൾ ഒരാൾ പോലും പ്രതിപ്പട്ടികയിൽ ഇല്ലെന്നും എല്ലാവരും സാക്ഷികളായി മാറിയെന്നും റോജി എം ജോൺ പറഞ്ഞു. പണം ഉപയോഗിച്ചത് ബിജെപി ആണെന്ന് സംസ്ഥാന പൊലീസിനും അറിയാമെന്ന് എം.എൽ.എ ആരോപിച്ചു.
അടിയന്തര പ്രമേയ നോട്ടീസ്
പ്രതികളായ ഇവർ എങ്ങനെയാണ് സാക്ഷികളായി മാറിയതെന്നും ബിജെപിക്ക് സ്വൈര വിഹാരം നടത്താനുള്ള അന്തർധാരയാണോ ഇതെന്നും എം.എൽ.എ ചോദിച്ചു. അതേസമയം വസ്‌തുതകൾ വഴി തിരിച്ചുവിടാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകി. പണത്തിന്‍റെ സ്രോതസ് അന്വേഷിക്കാൻ കേന്ദ്ര ഏജൻസികൾക്ക് അധികാരമുണ്ട്, അക്കാര്യം സംസ്ഥാനം ഏൽപ്പിക്കേണ്ടതില്ല. കുറ്റപത്രത്തിലെ പകർപ്പ് ഇഡിക്കും ആദായ നികുതി വകുപ്പിനും തെരഞ്ഞെടുപ്പ് കമ്മിഷൻ നൽകും.
തുടർ നടപടികൾ അവർ സ്വീകരിക്കേണ്ടതുണ്ട്. ബിജെപി നേതാക്കളുടെ നിർദേപ്രകാരം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കർണാടകയിൽ നിന്നും കൊണ്ടുവന്നതാണ് പണമെന്ന് കുറ്റപത്രത്തിൽ പറയുന്നുണ്ട്. കേസിൽ ഇതുവരെ 22 പ്രതികളെ അറസ്റ്റു ചെയ്‌തു. ബിജെപി അധ്യക്ഷൻ സുരേന്ദ്രൻ ഉൾപ്പെടെ 206 സാക്ഷികളുണ്ട്.