കേരളം

kerala

ETV Bharat / state

Onam Kit | 'ഓണക്കിറ്റ് മുൻപുള്ള രീതിയില്‍ ആയിരിക്കില്ല, കെഎസ്‌ആര്‍ടിസി സ്വയം ശക്തിപ്പെടണം'; ധനസ്ഥിതി തുറന്നുപറഞ്ഞ് കെ.എന്‍ ബാലഗോപാല്‍ - സപ്ലൈക്കോ

കെഎസ്ആർടിസിയുടെ ശമ്പളം നൽകാൻ കുറച്ച് സഹായം സർക്കാർ നൽകുമെന്നും സപ്ലൈക്കോയ്ക്ക് ഓണത്തിന്‍റെ തയ്യാറെടുപ്പിനായി ഈ ആഴ്‌ച തന്നെ കുറച്ച് പണം നൽകുമെന്നും ധനമന്ത്രി വ്യക്തമാക്കി

KN Balagopal response on Onam Kit distribution  KN Balagopal  Onam Kit distribution  Onam Kit  Finance Minister  KSRTC and other Departments  ഓണക്കിറ്റ് മുൻപുള്ള രീതിയില്‍ ആയിരിക്കില്ല  കെഎസ്‌ആര്‍ടിസി സ്വയം ശക്തിപ്പെടണം  ധനസ്ഥിതി തുറന്നുപറഞ്ഞ്  ബാലഗോപാല്‍  ധനമന്ത്രി  ഓണക്കിറ്റ്  തിരുവോണം ബംപർ  കെഎസ്‌ആർടിസി  സപ്ലൈക്കോ  സർക്കാർ
ഓണക്കിറ്റ് മുൻപുള്ള രീതിയില്‍ ആയിരിക്കില്ല; ധനസ്ഥിതി തുറന്നുപറഞ്ഞ് കെ.എന്‍ ബാലഗോപാല്‍

By

Published : Jul 24, 2023, 3:13 PM IST

ധനസ്ഥിതി തുറന്നുപറഞ്ഞ് കെ.എന്‍ ബാലഗോപാല്‍

തിരുവനന്തപുരം: ഓണക്കിറ്റ് കൊടുക്കാനുള്ള അന്തിമ തീരുമാനം സര്‍ക്കാര്‍ എടുത്തിട്ടില്ലെന്നും എല്ലാവർക്കും കൊടുക്കുന്ന മുൻപുള്ള രീതി ആയിരിക്കില്ല തുടരുകയെന്നും വ്യക്തമാക്കി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ഓണക്കാലം നന്നായി കൊണ്ട് പോകാനുള്ള ശ്രമത്തിലാണ് ഞങ്ങൾ. പരിധിക്കുള്ളിൽ നിന്നുള്ള കടമെടുക്കാൻ മാത്രമേ സാധിക്കുന്നുള്ളുവെന്നും ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും ധനമന്ത്രി അറിയിച്ചു. തിരുവോണം ബംപർ പ്രകാശനത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

കെഎസ്‌ആര്‍ടിസിയെ കൈവിടില്ല, പക്ഷെ:കെഎസ്‌ആർടിസിയുടെ ശമ്പളം നൽകാൻ കുറച്ച് സഹായം സർക്കാർ നൽകും. സാധാരണ ഗതിയിൽ നൽകുന്നത് പോലെ തന്നെ സഹായം നൽകും. കെഎസ്‌ആർടിസി സ്വയം ശക്തിപ്പെടുന്നതാണ് ശമ്പള പ്രതിസന്ധിയുടെ ശാശ്വത പരിഹാരമെന്നും അതുവരെ സഹായം നൽകാൻ മാത്രമേ സർക്കാരിന് സാധിക്കൂവെന്നും ധനമന്ത്രി പറഞ്ഞു. ഇടക്കാലത്തിന് ശേഷം വീണ്ടും പ്രതിസന്ധികൾ രൂക്ഷമായിരിക്കുകയാണ്. എണ്ണ വില കൂടിയതും കേന്ദ്ര സർക്കാർ നയങ്ങളും അടക്കം ഇതിന് കാരണമാണ്. യഥാർത്ഥത്തിൽ പൊതുമേഖലകളെ എല്ലാം ബാധിക്കുന്നത് കേന്ദ്ര സർക്കാർ നയങ്ങളാണെന്നും എല്ലാ പൊതുമേഖലകളെയും ഇതു ബാധിക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേന്ദ്ര സർക്കാരിന്‍റെ പൊതുമേഖല സ്ഥാപനങ്ങളെയും ഇതു ബാധിക്കുന്നുണ്ട്. എന്നാൽ കേന്ദ്ര സർക്കാർ പൊതുമേഖല സ്ഥാപനങ്ങളെ വിൽക്കുകയാണ്. സംസ്ഥാന സർക്കാരിന്‍റെ സമീപനം അതല്ല. പൊതുമേഖലയെ പരമാവധി ശക്തിപ്പെടുത്താനുള്ള അടിസ്ഥാനപരമായ പിന്തുണ നൽകുമെന്നും കെഎസ്‌ആർടിസിക്ക് വാഹനങ്ങൾ വാങ്ങുന്നതിനും കെട്ടിടങ്ങൾ നിലനിർത്തുന്നതിനും അടക്കം ക്യാപിറ്റൽ ഇൻവെസ്‌റ്റ്‌മെന്‍റ് സർക്കാർ നൽകുന്നുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി. എന്നാല്‍ സ്വഭാവികമായിട്ട് വരുമാനം വർധിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കണമെന്നും കുറച്ച് വരുമാന വർധനവുണ്ടായി എന്നാണ് കണ്ടിട്ടുള്ളതെന്നും അത് പലപ്പോഴും മതിയാകുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.

സംസ്ഥാനം വലയുന്നു: പ്രതിമാസം ഏകദേശം ശമ്പളത്തിനും പെൻഷനുമായി ഏകദേശം 120 കോടിയിലധികം കൊടുക്കുന്നുണ്ട്. സർക്കാർ ഇത് സഹാമായി നൽകുന്നുണ്ട്. വാസ്‌തവത്തിൽ സ്വയം ശക്തിപ്പെടുകയാണ് ചെയ്യേണ്ടത്. കെഎസ്ആർടിസിയിൽ മാത്രമല്ല, എല്ലാ പൊതുമേഖലയിലും ഇതു നേരിടുന്നുണ്ട്. 20,000 കോടിയോളം കേരളത്തിന് ഇത്തരത്തിൽ ലഭിക്കേണ്ടതാണെന്നും അതിന് കേന്ദ്രം സമ്മതിക്കുന്നില്ലെന്നും കെ.എന്‍ ബാലഗോപാല്‍ കുറ്റപ്പെടുത്തി.

കേന്ദ്ര സർക്കാരിന്‍റെ സമീപനം സംസ്ഥാനത്തെ എല്ലാവരെയും ബാധിക്കുകയാണ്. കേരളമാണ് ഏറ്റവും കൂടുതൽ വഞ്ചിക്കപ്പെട്ട സംസ്ഥാനം. ആദ്യമേയുള്ള ഗ്രാന്‍റുകളും വിഹിതവും വെട്ടിക്കുറച്ചു. സപ്ലൈക്കോ വഴി മാർക്കറ്റിൽ വലിയ വിലവരുന്ന സാധനങ്ങൾ കുറച്ച് കൊടുക്കാനുള്ള ശ്രമം തുടരുന്നുണ്ട്. നെല്ല് എടുത്തതിന്‍റെ പണം കേന്ദ്രത്തിൽ നിന്നും കിട്ടാനുണ്ട്. കേന്ദ്രം തരുന്നത് കൂടാതെ മൂന്നിൽ ഒന്നോളം തുക കേരളം പ്രത്യേകം സപ്പോർട്ടിങ് സബ്‌സിഡിയായി നൽകി വരുന്നുണ്ടെന്നും ധനമന്ത്രി പറഞ്ഞു. ബാങ്കിൽ നിന്നും 400 കോടിയോളം നേരത്തെ തന്നെ ധാരണയായിട്ടുള്ളതാണ്. എന്നാൽ പ്രതീക്ഷിച്ചതിനേക്കാൾ വൈകിയാണ് തുക ലഭിച്ചതെന്നും അദ്ദേഹം അറിയിച്ചു.

കേന്ദ്രം തളര്‍ത്തുന്നു:സപ്ലൈക്കൊയ്ക്ക് ഈ ആഴ്‌ച തന്നെ കുറച്ചുതുക അനുവദിക്കാനാണ് ആലോചിക്കുന്നത്. ബുദ്ധിമുട്ടുകൾക്കിടയിലും പൊതുമാർക്കറ്റിൽ ഇടപെടാനായി അവർക്ക് പണം അനുവദിക്കും. റേഷൻ സംവിധാനത്തിനായി എടുക്കുന്ന നെല്ലിന്‍റെ വില കേന്ദ്ര സർക്കാരിൽ നിന്നും ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 18,000 കോടിയാണ് ഡിവിസിബിൾ പൂളിൽ നിന്നും സംസ്ഥാനത്തിന് ലഭിക്കുന്നത്. ശരിക്കും 36,000 കോടിയാണ് ലഭിക്കേണ്ടത്. കണക്കുകൾ വച്ചാണ് ഇതു പറയുന്നത്. കഴിഞ്ഞ തവണ ജിഎസ്‌ടി കൗൺസിലിന് പോയപ്പോഴും കേന്ദ്ര ധനകാര്യമന്ത്രിയെ ഇതു ബോധിപ്പിച്ചിരുന്നുവെന്നും കിട്ടാനുള്ള കണക്കുകളും ആവശ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ജിഎസ്‌ഡിപിയുടെ ഒരു ശതമാനം അഡ്ഹോകായിട്ട് നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്നും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു.

കഴിഞ്ഞ വർഷം കിട്ടിയതിനേക്കാൾ വീണ്ടും 16,000 കോടി വെട്ടികുറച്ചിരിക്കുകയാണ്. കടം എല്ലാ മാസവും എടുക്കേണ്ടി വരും. ടാക്‌സ് വിഹിതവും തരുന്നില്ല. കടമെടുക്കുന്നത് പുതിയ കാര്യമല്ലെന്നും എന്നാൽ അതിന്‍റെ പരിധി കുറച്ചിരിക്കുന്നുവെന്നും ധനമന്ത്രി അറിയിച്ചു. ക്യാബിനറ്റ് തീരുമാനപ്രകാരം മുഖ്യമന്ത്രി തന്നെ പ്രധാനമന്ത്രിക്ക് ഇതുസംബന്ധിച്ച് കത്ത് നൽകിയിരുന്നു. കൺസ്യൂമർ ഫെഡും, സഹകരണ സംഘങ്ങളും, സപ്ലൈക്കോയും ഓണച്ചന്തകൾ ആരംഭിക്കും. നിലവിൽ സപ്ലൈക്കോ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി നേരിടാനുള്ള ഇടപെടൽ നടത്തുമെന്നും ബാങ്കിൽ നിന്നും ലഭിക്കാനുള്ള തുക ലഭിക്കാനും ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും പച്ചക്കറി വില രൂക്ഷമായി ഉയരുകയാണ്. പ്രളയം ഉൾപ്പെടെ ഇതിനെ ബാധിച്ചു. പൊതുവിതരണ സമ്പ്രദായം മെച്ചപ്പെടുത്താൻ സംസ്ഥാന സർക്കാർ ശ്രമിക്കുകയാണെന്നും കേരളത്തിൽ നിന്നുള്ള എംപിമാരുടെ യോഗത്തിൽ ഒന്നാമത്തെ അജണ്ടയായി ധനപ്രതിസന്ധി അവതരിപ്പിച്ചതാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. പാർലമെന്‍റിൽ ഇത് ഉയർത്താമെന്ന് അവരും ഉറപ്പ് തന്നിട്ടുണ്ടെന്നും എന്നാൽ മണിപ്പൂർ ഉൾപ്പെടെയുള്ള പ്രശ്‌നങ്ങളിൽ പാർലമെന്‍റ് പോലും സുഗമമായി കൂടാൻ സാധിക്കാത്ത സാഹചര്യമാണ് നിലവിലെന്നും മന്ത്രി കെ.എൻ ബാലഗോപാൽ കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

...view details