കെഎന്‍ ബാലഗോപാല്‍ സംസാരിക്കുന്നു തിരുവനന്തപുരം:കെവി തോമസിന് ഒരു ലക്ഷം ഓണറേറിയം അനുവദിച്ച വിഷയത്തിൽ, വിവാദത്തിന്‍റെ ആവശ്യമില്ലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. മറ്റ് കാര്യങ്ങൾ നിർവഹിക്കാൻ സ്റ്റാഫുകളെ ആവശ്യമാണ്. യാത്രാവശ്യങ്ങൾക്കായാണ് വാഹനം അനുവദിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്‍റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി എന്ന നിലയിലാണ് കെവി തോമസിന് ഓണറേറിയം അനുവദിച്ചത്. ഔചിത്യം ഇല്ലാത്ത കാര്യങ്ങൾ മന്ത്രിസഭ അംഗീകരിക്കില്ലായെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. ഡൽഹിയിലെ സംസ്ഥാന സർക്കാരിന്‍റെ പ്രത്യേക പ്രതിനിധിയായ കെവി തോമസിന് ശമ്പളത്തിനും അലവൻസുകൾക്കും പകരമാണ് പ്രതിമാസം ഒരു ലക്ഷം രൂപ ഓണറേറിയവും അനുവദിച്ചത്.
പുറമെ രണ്ട് അസിസ്റ്റന്‍റുമാര്‍, ഒരു ഓഫിസ് അറ്റൻഡന്‍റ്, ഒരു ഡ്രൈവർ എന്നിവരെ നിയമിക്കാനും കഴിഞ്ഞ ദിവസം മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. ഇതിൻമേൽ പ്രതിഷേധം ഉയരുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം.
പദവി ലഭിച്ചത് കോണ്‍ഗ്രസ് പുറത്താക്കിയതോടെ:ന്യൂഡൽഹിയിലെ സംസ്ഥാന സർക്കാറിന്‍റെ പ്രത്യേക പ്രതിനിധിയായ മുന്‍ കോണ്‍ഗ്രസ് നേതാവ് കെവി തോമസിന് പ്രതിമാസം ഒരു ലക്ഷം രൂപ ഓണറേറിയം അനുവദിക്കാൻ തീരുമാനിച്ച് മന്ത്രിസഭായോഗം. മെയ് 24നാണ് ഈ തീരുമാനം പുറത്തുവന്നത്. ശമ്പളത്തിനും അലവൻസുകൾക്കും പകരമാണിത്. ഇതുകൂടാതെ രണ്ട് അസിസ്റ്റന്‍റുമാർ, ഒരു ഓഫിസ് അറ്റൻഡന്‍റ്, ഒരു ഡ്രൈവർ എന്നിവരെ നിയമിക്കാനും മന്ത്രിസഭായോഗം അനുമതി നൽകി.
ALSO READ |കെവി തോമസിന് ഒരു ലക്ഷം രൂപ ഓണറേറിയം ; 4 ജീവനക്കാര്‍, അംഗീകാരം നല്‍കി മന്ത്രിസഭ
കെവി തോമസിന് ഓണറേറിയം അനുവദിക്കണമെന്ന് നേരത്തെ ധനകാര്യ വകുപ്പ് നിര്‍ദേശിച്ചിരുന്നു. ഡൽഹിയിലെ കേരള ഹൗസിലാണ് കെവി തോമസിന്‍റെ ഓഫിസ്. ഇക്കഴിഞ്ഞ ജനുവരി 18ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് മുൻ കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെവി തോമസിനെ ഡൽഹിയിലെ കേരളത്തിന്‍റെ പ്രത്യേക പ്രതിനിധിയായി നിയമനം നടത്തിയത്.
കോൺഗ്രസിൽ നിന്ന് പുറത്താക്കിയ കെവി തോമസിനെ ക്യാബിനറ്റ് റാങ്കോടെയാണ് കേരളത്തിന്‍റെ പ്രത്യേക പ്രതിനിധിയായി സർക്കാർ നിയമിച്ചത്. ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്ത് എ സമ്പത്തായിരുന്നു കേരളത്തിന്‍റെ പ്രത്യേക പ്രതിനിധി. ശമ്പളവും ഡിഎയും ഉൾപ്പടെ 92,423 രൂപയായിരുന്നു അന്ന് അദ്ദേഹത്തിന്‍റെ പ്രതിമാസ ശമ്പളം.
ശമ്പളം വേണ്ട, ഓണറേറിയം മതിയെന്ന് കത്ത്:ഡല്‍ഹിയില്‍ കേരളത്തിന്‍റെ പ്രതിനിധിയായി നിയമിച്ചതിന് പിന്നാലെ ശമ്പളം വേണ്ടെന്നും ഓണറേറിയം മാത്രം മതിയെന്നും അറിയിച്ച് കെവി തോമസ് സര്‍ക്കാറിന് കത്ത് അയച്ചിരുന്നു. വിഷയത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടത്താന്‍ കെവി തോമസിന്‍റെ കത്ത് ധനകാര്യ വകുപ്പിന് കൈമാറുകയായിരുന്നു സര്‍ക്കാര്‍. കേരള സര്‍ക്കാറിന് വേണ്ടി കേന്ദ്ര സര്‍ക്കാറുമായുള്ള ലെയ്‌സണ്‍ ജോലികളാണ് ഡല്‍ഹിയില്‍ പ്രത്യേക പ്രതിനിധിയുടെ മുഖ്യ ഉത്തരവാദിത്തം. കണ്ണൂരില്‍ നടന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസില്‍ നിന്നും കെവി തോമസിനെ പുറത്താക്കിയത്. ഇത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ നിരവധി ആരോപണങ്ങള്‍ക്കും പ്രത്യാരോപണങ്ങള്‍ക്കും കാരണമായിരുന്നു.