തിരുവനന്തപുരം : കേരളത്തിന് ലഭിക്കേണ്ട നവംബറിലെ ഐജിഎസ്‌ടി സെറ്റില്‍മെന്‍റ് (IGST Settlement) വിഹിതത്തില്‍ 332 കോടി കുറച്ച കേന്ദ്ര തീരുമാനം പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ (KN Balagopal) കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് (Nirmala Sitharaman) കത്തയച്ചു. കേന്ദ്രത്തിന്‍റെ നടപടി സംസ്ഥാനത്തിന്‍റെ സാമ്പത്തിക നിലയെ പ്രതികൂലമായി ബാധിക്കുന്നതാണെന്ന് കത്തില്‍ ധനമന്ത്രി ചൂണ്ടിക്കാട്ടി. അന്തര്‍ സംസ്ഥാന ചരക്ക്, സേവന ഇടപാടുകള്‍ക്കുള്ള നികുതി (ഐജിഎസ്‌ടി) സെറ്റില്‍മെന്‍റിന്‍റെ നവംബറിലെ വിഹിതത്തിലാണു 332 കോടി രൂപയുടെ കുറവ് വരുത്തിയിരിക്കുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
ഐജിഎസ്‌ടി ബാലന്‍സിലെ കുറവ് നികത്തുന്നതിനായി മുന്‍കൂര്‍ വിഹിതം ക്രമീകരിക്കുന്നതിന് നവംബറിലെ സെറ്റില്‍മെന്‍റ് 332 കോടി രൂപയുടെ കുറവ് വരുത്തുന്നതായാണ് കേന്ദ്രത്തില്‍ നിന്ന് ലഭിച്ച അറിയിപ്പില്‍ ചൂണ്ടിക്കാട്ടുന്നത്. എന്തുകൊണ്ടാണ് ഈ രീതിയിലുള്ള കുറവ് വരുത്തിയതെന്നോ ഏത് കണക്കുകളുടെ അടിസ്ഥാനത്തിലാണ് കുറവ് വരുത്തിയിട്ടുള്ളതെന്നോ വ്യക്തമല്ല. അഡ്ഹോക് സെറ്റില്‍മെന്‍റിന്‍റെ ഭാഗമായുള്ള നടപടിയാണെങ്കില്‍ അതിന് അടിസ്ഥാനമാക്കിയ കണക്കുകള്‍ സംസ്ഥാനത്തിനും കൈമാറണം. മുന്‍കാലങ്ങളില്‍ ഇതേ രീതിയില്‍ നടത്തിയിട്ടുള്ള സെറ്റില്‍മെന്‍റുകളില്‍ സംസ്ഥാനങ്ങളില്‍ നിന്ന് തിരിച്ചുപിടിക്കുന്ന തുകയുടെ അനുപാതം സംബന്ധിച്ച വിവരങ്ങളും ലഭ്യമാക്കണമെന്നു ധനമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.
ഐജിഎസ്‌ടി സെറ്റില്‍മെന്‍റുകളുടെ കണക്ക് കൂട്ടല്‍ രീതികള്‍ സംബന്ധിച്ച് ജിഎസ്‌ടി കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച നടത്തണം. സംസ്ഥാന വിഹിതത്തില്‍ നിന്ന് വരുത്തുന്ന കിഴിവ് സംബന്ധിച്ച് വ്യക്തമായ ആസൂത്രണം നടത്താന്‍ ഇത് ഉപകരിക്കും. നിലവിലുള്ള ഐജിഎസ്‌ടി സംവിധാനത്തെക്കുറിച്ച് ആഴത്തിലുള്ള വിലയിരുത്തലും നികുതി ചോര്‍ച്ച തടഞ്ഞ് ജിഎസ്‌ടി സംവിധാനം ശക്തിപ്പെടുത്തേണ്ടതും അത്യാവശ്യമാണ്.