തിരുവനന്തപുരം :സംസ്ഥാനത്തിന്‍റെ വായ്‌പ പരിധി വെട്ടിക്കുറച്ച കേന്ദ്രസർക്കാറിന്‍റെ നടപടി സംബന്ധിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞത് ബിജെപി ഓഫിസിൽ നിന്ന് എഴുതി നൽകിയ കണക്കുകളെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. പറയാൻ പാടില്ലാത്ത കാര്യങ്ങളാണ് കേന്ദ്രമന്ത്രി പറഞ്ഞത്. വാർത്ത സമ്മേളനം നടത്തി പറഞ്ഞതുപോലെ ഒരു കണക്കും സംസ്ഥാനത്തിന് ലഭിച്ചിട്ടില്ല.
സംസ്ഥാനത്തിന്‍റെ വായ്‌പ പരിധിയും അനുമതിയും സംബന്ധിച്ച് രണ്ട് കത്തുകളാണ് സംസ്ഥാനത്തിന് കേന്ദ്രത്തിൽ നിന്ന് ലഭിച്ചത്. അതിൽ മുരളീധരൻ പറയുന്നതുപോലെ ഒരു കണക്കും പറഞ്ഞിട്ടില്ല. ബിജെപി ഓഫിസിലെ ആഭ്യന്തര കത്തിടപാടല്ല സംസ്ഥാനത്തെ സാമ്പത്തിക കാര്യങ്ങൾ സംബന്ധിച്ചുള്ള കണക്കുകൾ. ഇത് മനസിലാക്കി മുരളീധരൻ സംസാരിക്കണം.
പൊതുരാഷ്‌ട്രീയമല്ല അഡ്‌മിനിസ്‌ട്രേഷൻ : പൊതുയോഗങ്ങളിൽ രാഷ്‌ട്രീയമായി സംസാരിക്കുന്നതുപോലെ അഡ്‌മിനിസ്‌ട്രേറ്റീവ് കാര്യങ്ങൾ പറയരുത്. കേന്ദ്രവും സംസ്ഥാനവും തമ്മിൽ നടത്തുന്ന കത്തിടപാടുകൾക്ക് രഹസ്യ സ്വഭാവമുണ്ട്. അത് കേന്ദ്രമന്ത്രി തന്നെ പുറത്തുവിടുന്നത് ഭരണഘടനാപരമല്ല.
കേരളത്തെ ശ്വാസംമുട്ടിക്കാൻ കേന്ദ്രം ശ്രമിക്കുമ്പോൾ ഇവിടത്തെ ജനങ്ങളുടെ താത്‌പര്യം സംരക്ഷിക്കാൻ വി മുരളീധരന് ഉത്തരവാദിത്തമുണ്ട്. എന്നാൽ അത് പാലിക്കാതെയാണ് വി മുരളീധരൻ സംസാരിക്കുന്നതെന്നും ധനമന്ത്രി ആരോപിച്ചു. സംസ്ഥാനത്തിന്‍റെ കടമെടുപ്പ് പരിധി മൂന്ന് ശതമാനമായാണ് കേന്ദ്രം നിശ്ചയിച്ചിരിക്കുന്നത്.
കേന്ദ്രം സംസ്ഥാനങ്ങളെ ശ്വാസം മുട്ടിക്കുന്നു : ഇതിൽ സംസ്ഥാനത്തിന് വിയോജിപ്പുണ്ട്. 3242 കോടി രൂപ വായ്‌പയെടുക്കാൻ കേരളത്തിന് അവകാശമുണ്ട്. ഈ വായ്‌പ പരിധിയാണ് കേന്ദ്രം വെട്ടിക്കുറച്ചത്. എന്തുകൊണ്ടാണ് വെട്ടിക്കുറച്ചത് എന്നതിനെപ്പറ്റി ഒരു വിശദീകരണവും നൽകിയിട്ടില്ല. 6.4% കടമെടുക്കുന്ന കേന്ദ്രസർക്കാരാണ് സംസ്ഥാനങ്ങളെ ശ്വാസംമുട്ടിക്കാൻ ഇത്തരത്തിൽ നടപടി സ്വീകരിക്കുന്നത്.