തിരുവനന്തപുരം : പെട്രോളിനും ഡീസലിനും ബജറ്റിൽ പ്രഖ്യാപിച്ച രണ്ട് രൂപ സെസിൽ നിന്ന് പിന്നോട്ടില്ലെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാൽ നിയമസഭയെ അറിയിച്ചു. മൂന്ന് ദിവസമായി നടന്നുവന്ന ബജറ്റ് ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. മദ്യത്തിന് 500 രൂപയ്ക്ക് മുകളിൽ 20 രൂപയുo 1,000 രൂപയ്ക്ക് മുകളിൽ 40 രൂപയും സെസ് ഏർപ്പെടുത്തിയ നടപടി സാധാരണക്കാരെ ബാധിക്കില്ലെന്നും ധനമന്ത്രി പറഞ്ഞു.
'ബജറ്റ് സെസിൽ ഇളവില്ല, മദ്യവില കൂട്ടിയത് സാധാരണക്കാരെ ബാധിക്കില്ല'; പ്രതിപക്ഷ ആവശ്യം തള്ളി ധനമന്ത്രി - ബജറ്റ് സെസിൽ ഇളവില്ലെന്ന് ധനമന്ത്രി
സംസ്ഥാന ബജറ്റില്‍ ഏര്‍പ്പെടുത്തിയ ഇന്ധന സെസ്, മദ്യവില അടക്കമുള്ളവയ്‌ക്കെതിരെ പ്രതിപക്ഷം രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയത്. ഇതേതുടര്‍ന്നാണ് വിഷയത്തില്‍ മന്ത്രി കെഎന്‍ ബാലഗോപാലിന്‍റെ വിശദീകരണം
'പെൻഷൻ അനുവദിക്കാന്‍ വേണം പണം':ഭൂരിഭാഗം ആളുകളും ഉപയോഗിക്കുന്നത് 500 രൂപയ്ക്ക് താഴെയുള്ള മദ്യമായതിനാൽ വർധന അവരെ ബാധിക്കില്ല. 1,000 രൂപയ്ക്ക് മുകളിലുള്ള മദ്യം വാങ്ങുന്നത് വെറും എട്ട് ശതമാനം മാത്രമാണെന്ന് മന്ത്രി പറഞ്ഞു. വസ്‌തുവിൻ്റെ ന്യായവില 20 ശതമാനം വർധിപ്പിച്ചതിനെയും മന്ത്രി ന്യായീകരിച്ചു. കേരളത്തിൽ ആകെയുള്ള 85 ലക്ഷം കുടുംബങ്ങളിൽ 60 ലക്ഷത്തിന് മുകളിൽ പ്രതിമാസം 1500 രൂപ പെൻഷൻ അനുവദിക്കുന്നുണ്ട്.
പ്രതിമാസം പെൻഷൻ അനുവദിക്കാന്‍ വർഷം 11,000 കോടി ആവശ്യമുണ്ട്. ഇതിൻ്റെ 10 ശതമാനം മാത്രമാണ് സെസ് ഇനത്തിൽ ലഭിക്കുന്നത്. ഇത് സാമൂഹിക സുരക്ഷ സീഡ് ഫണ്ടായി മാറ്റി വയ്ക്കും. പാവപ്പെട്ടവർക്കുള്ള ക്ഷേമ പെൻഷൻ ഒരു കാരണവശാലും നിർത്തിവയ്ക്കാൻ കഴിയില്ലെന്ന നേരത്തേയുള്ള അതേ വാദമുയർത്തി നികുതിവർധനയെ മന്ത്രി നിയമസഭയിൽ ശക്തമായി ന്യായീകരിച്ചു. മന്ത്രിയുടെ നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ധനമന്ത്രിയുടെ മറുപടി പ്രസംഗം ബഹിഷ്‌കരിച്ച് സഭവിട്ടിറങ്ങി.