ധനമന്ത്രി കെഎൻ ബാലഗോപാൽ മാധ്യമങ്ങളോട് തിരുവനന്തപുരം :സംസ്ഥാനത്ത് രൂക്ഷമായി സാമ്പത്തിക പ്രതിസന്ധി ബാധിച്ച വാർത്തകൾക്കിടെ സാമ്പത്തിക പ്രതിസന്ധി ആരോപണം നിഷേധിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ. സംസ്ഥാനത്ത് മുടങ്ങിക്കിടന്ന ക്ഷേമ പെൻഷൻ ഉൾപ്പെടെ വിവിധ കുടിശികകൾ നൽകി തുടങ്ങിയതായി മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു (Kn balagopal about welfare pension). മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന് നാളെ (നവംബര്‍ 18) മഞ്ചേശ്വരത്ത് തുടക്കമാകാൻ ഇരിക്കെയാണ് വിവിധ കുടിശികകൾ നൽകി തുടങ്ങിയെന്നവകാശപ്പെട്ട് മന്ത്രി കെഎൻ ബാലഗോപാൽ ഇന്ന് രംഗത്ത് വന്നത്.
സാമൂഹ്യ ക്ഷേമ പെൻഷൻ മൂന്ന് മാസം മുടങ്ങിയിട്ടുണ്ട്. ഇത് കൊടുത്ത് തുടങ്ങി. നെല്ല് സംഭരണത്തിൽ 200 കോടി രൂപ അനുവദിച്ചു. പച്ച തേങ്ങ സംഭരണം താങ്ങ് വില നൽകുന്നുണ്ട്. റബ്ബർ സബ്‌സിഡി ഒക്ടോബർ വരെയുള്ള താങ്ങ് വില നൽകി. ജനകീയ ഹോട്ടൽ 33 കോടി അനുവദിച്ചു.
ന്യൂനപക്ഷ സ്കോളർഷിപ്പുകളും എൻഡോസൾഫാൻ ബാധിതരുടെ സഹായവും വിതരണം ചെയ്‌ത് കഴിഞ്ഞു. രണ്ടര വർഷം കൊണ്ട് 23,350 കോടി രൂപ സാമൂഹ്യ ക്ഷേമ പെൻഷൻ ഇനത്തിൽ കൊടുത്തുവെന്നും ഏറ്റവും ചെലവ് വരുന്നത് സാമൂഹ്യ സുരക്ഷ പെൻഷനാണെന്നും മന്ത്രി വ്യക്തമാക്കി.
ALSO READ:ജൂലൈ മാസത്തെ ക്ഷേമ പെൻഷൻ കുടിശിക ഇന്ന് മുതൽ വിതരണം ചെയ്യും; തുക അനുവദിച്ച് ധനവകുപ്പ്
അതേസമയം സംസ്ഥാനത്തിന് ടാക്‌സ് ഏർപ്പെടുത്താൻ കഴിയുന്നത് പെട്രോളിലും മദ്യത്തിലും മാത്രമാണ്. സെസ് 750 കോടിയെ ലഭിക്കുന്നുള്ളു. നിലവിൽ ഒറ്റപ്പെട്ട സംഭാവങ്ങൾ ഉണ്ടായേക്കാം. ഡിഎ വിഭാഗത്തിൽ മാത്രമാണ് പെൻഡിങ് ഉള്ളത്. ബാറുകാരുടെ കുടിശിക പിരിച്ചടക്കാൻ കർശന നിർദേശം കൊടുത്തിട്ടുണ്ട്. ദേശീയ ആരോഗ്യ മിഷന് ഇതുവരെ കേന്ദ്രം ഫണ്ട് അനുവദിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
കേരളത്തെ കേന്ദ്രം വലിഞ്ഞു മുറുക്കുമ്പോഴാണ് ഇതൊക്കെയും കൊടുത്തു തീർത്തത്. കിട്ടാനുള്ളതിന്‍റെ പകുതി തന്നാൽ കേരളത്തിന്‍റെ 90% പ്രശ്‌നങ്ങൾക്കും പരിഹാരം ഉണ്ടാകും. അപ്ലിക്കേഷനിൽ കുത്തും കോമയും ഇല്ലെന്ന് പറഞ്ഞ് സംസ്ഥാനങ്ങളുടെ അപേക്ഷ കേന്ദ്രം തിരിച്ചയക്കുന്നെന്നും അതിന് കേരളത്തിലെ ചില പ്രതിപക്ഷ നേതാക്കളും കയ്യടിക്കുന്നുവെന്നും മന്ത്രി കുറ്റപ്പെടുത്തി.
അംഗനവാടി വർക്കേഴ്‌സിന് വേതന വർധനവ്:അതേസമയംപത്ത് വർഷം പ്രവർത്തി പരിചയമുള്ള അംഗനവാടി വർക്കേഴ്‌സിന് 1000 രൂപ വേതന വർധനവ് വരുത്താൻ തീരുമാനിച്ചതായി ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. പത്ത് വർഷത്തിൽ താഴെ പ്രവർത്തി പരിചയമുള്ളവർക്ക് 500 രൂപ വർധിപ്പിക്കുവാനും ആശാ വർക്കേഴ്‌സിന് 1000 രൂപ വർധിപ്പിക്കാനും തീരുമാനിച്ചതായി മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. വേതനവർധനവ് ഡിസംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്നും മന്ത്രി വ്യക്തമാക്കി.