കേരളം

kerala

ETV Bharat / state

ശ്രീറാമിന്‍റെ ജാമ്യത്തിന് അടിയന്തര സ്റ്റേയില്ല - ഹൈക്കോടതി

അന്വേഷണത്തിൽ വീഴ്ച വരുത്തിയ പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

മാധ്യമ പ്രവർത്തകനെ ശ്രീറാം വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസ്; ജാമ്യത്തിന് അടിയന്തര സ്റ്റേയില്ല

By

Published : Aug 7, 2019, 8:31 PM IST

Updated : Aug 7, 2019, 8:52 PM IST

കൊച്ചി: മാധ്യമ പ്രവർത്തകനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമന്‍റെ ജാമ്യത്തിന് അടിയന്തര സ്റ്റേയില്ല. ഹൈക്കോടതി ശ്രീറാം വെങ്കിട്ടരാമന് നോട്ടീസയച്ചു. അന്വേഷണത്തിൽ വീഴ്ച വരുത്തിയ പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ശ്രീറാമിന്‍റെ കാര്യത്തിൽ പൊലീസ് നടപടിക്രമങ്ങൾ പാലിക്കാതിരുന്നത് എന്ത് കൊണ്ടാണെന്ന് കോടതി ആരാഞ്ഞു. മദ്യപിച്ച് വാഹനമോടിച്ചയാൾ പിടിയിലായാൽ പ്രാഥമികമായി സ്വീകരിക്കേണ്ട നടപടികൾ പൊലീസ് സ്വീകരിച്ചില്ല. ശ്രീറാമിനെതിരെയുള്ള തെളിവുകൾ അയാൾ തന്നെ ഹാജരാക്കണമോയെന്നും തെളിവ് നശിപ്പിക്കാനുള്ള ശ്രമം പൊലീസിന് എന്തുകൊണ്ട് തടയാൻ കഴിഞ്ഞില്ലെന്നും കോടതി ചോദിച്ചു.

ഇന്ന് രാവിലെ കോടതി നടപടികൾ ആരംഭിച്ചതോടെ അടിയന്തര സ്വഭാവത്തോടെ ഹർജി പരിഗണിക്കണമെന്ന് സർക്കാർ കോടതിയിൽ ആവശ്യപ്പെടുകയായിരുന്നു. കേസിൽ നരഹത്യാ കുറ്റം നിലനിൽക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചു. അതേസമയം ശ്രീറാമിനെതിരെ ഗുരുതര ആരോപണങ്ങളാണ് സർക്കാർ ഹൈക്കോടതിയിൽ ഉന്നയിച്ചത്. തെളിവ് നശിപ്പിക്കാൻ ശ്രീറാം മനഃപൂർവ്വം ശ്രമിച്ചു, മദ്യപിച്ചത് പുറത്ത് വരാതിരിക്കാൻ ചികിത്സ തേടിയ കിംസ് ആശുപത്രിയിലെ ഡോക്ടർമാരുമായി ഗൂഡാലോചന നടത്തി, വാഹനം ഓടിച്ചത് താനെല്ലന്ന് വരുത്താൻ പൊലീസിന് തെറ്റായ മൊഴി നൽകി എന്നിവയാണ് സർക്കാർ ഹർജിയിൽ ചൂണ്ടിക്കാണിച്ചത്. വെള്ളിയാഴ്ച ഹർജിയിൽ വിശദമായ വാദം കേൾക്കും. മാധ്യമ പ്രവർത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാമിന് ജാമ്യം നൽകിയ മജിസ്ട്രേറ്റ് കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്.

Last Updated : Aug 7, 2019, 8:52 PM IST

ABOUT THE AUTHOR

...view details