തിരുവനന്തപുരം : മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസ് വീണ്ടും ജില്ല കോടതി വിചാരണ നടത്തും. ശ്രീറാമിനെതിരെയുള്ള നരഹത്യ കുറ്റം നിലനിൽക്കുമെന്ന ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്നാണ് കേസ് നിലവിൽ പരിഗണിച്ച ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്ന് തുടർ വിചാരണ നടപടികൾക്കായി കേസ് ജില്ല കോടതിക്ക് കൈമാറിയത്.
തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് നരഹത്യാകുറ്റം ഒഴിവാക്കിയത്. ഇതിന് എതിരെ ഹൈക്കോടതിയിൽ റിവിഷൻ ഹർജി നൽകിയത് സർക്കാരായിരുന്നു. ഇത് അംഗീകരിച്ച് തിരുവനന്തപുരം ജില്ല സെഷന്‍സ് കോടതിയുടെ വിധി സ്റ്റേ ചെയ്‌ത ഹൈക്കോടതി ശ്രീറാമിനെതിരെ നരഹത്യാകുറ്റം നിലനില്‍ക്കുമെന്ന് വിധിക്കുകയായിരുന്നു.
നരഹത്യാക്കുറ്റം ചുമത്താൻ പര്യാപ്‌തമായ വസ്‌തുതകൾ കേസിലുണ്ടെന്ന് ഹൈക്കോടതി വിലയിരുത്തി. വാഹനം അമിത വേഗതയിലായിരുന്നു. കേസിൽ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചെന്നും കോടതി ചൂണ്ടിക്കാട്ടി. മദ്യത്തിന്‍റെ അംശമില്ലെന്ന മെഡിക്കൽ റിപ്പോർട്ട് ഉണ്ടെന്ന കാരണത്താൽ നരഹത്യാക്കുറ്റം ഒഴിവാക്കാനാകില്ലെന്ന് പറഞ്ഞ കോടതി പ്രാഥമിക തെളിവുകളിൽ പ്രതി മദ്യപിച്ചിരുന്നതായി വ്യക്‌തമാണെന്നും നിരീക്ഷിച്ചു.
ഇത് അംഗീകരിച്ചതിനെത്തുടർന്നാണ് മജിസ്ട്രേറ്റ് കോടതിയുടെ നടപടി. കേസിലെ രണ്ടാം പ്രതി വഫയ്‌ക്കെതിരെയുള്ള കുറ്റം ഹൈക്കോടതി റദ്ദാക്കിയിരുന്നു. നേരത്തെ കെ.എം ബഷീർ കാറിടിച്ച് കൊല്ലപ്പെട്ട കവടിയാർ - മ്യൂസിയം റോഡിലെ സിസിടിവി ദൃശ്യങ്ങൾ കൈമാറണം എന്ന് ആവശ്യപ്പെട്ട് കേസിലെ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമൻ ഹർജി നൽകിയിരുന്നു.