കേരളം

kerala

ETV Bharat / state

യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ സമഗ്ര മാറ്റം ആവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ രംഗത്ത് - state commitee

സംഘടനാ സംവിധാനം തകർക്കുന്ന നടപടികളുമായി മുന്നോട്ടു പോകുന്ന എഐസിസി സെക്രട്ടറി ശ്രീകൃഷ്ണ അല്ല വരുവിനെ ചുമതലയിൽനിന്ന് നീക്കണമെന്ന ആവശ്യവും ശക്തമാണ്.

യൂത്ത് കോണ്‍ഗ്രസ്

By

Published : May 31, 2019, 2:37 PM IST

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീൻ കുര്യാക്കോസ് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിൽ നേതൃത്വത്തില്‍ സമഗ്ര അഴിച്ചുപണി വേണമെന്ന ആവശ്യം ശക്തമായി. പ്രവർത്തകരെ തമ്മിലടിപ്പിക്കുന്ന നിലവിലുള്ള തെരഞ്ഞെടുപ്പ് രീതി പൂർണമായും ഒഴിവാക്കണമെന്ന് കഴിഞ്ഞ ദിവസം ചേർന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹി യോഗത്തിൽ അഭിപ്രായം ഉയർന്നു. സംസ്ഥാനങ്ങളിൽ യൂത്ത് കോൺഗ്രസ് സംഘടനാ സംവിധാനം തകർക്കുന്ന നടപടികളുമായി മുന്നോട്ടു പോകുന്ന എഐസിസി സെക്രട്ടറി ശ്രീകൃഷ്ണ അല്ല വരുവിനെ ചുമതലയിൽനിന്ന് നീക്കണമെന്ന ആവശ്യവും ശക്തമാണ്.

തെരഞ്ഞെടുപ്പ് കാലത്ത് മറ്റ് യുവജന സംഘടന പ്രവർത്തകർ വോട്ടർപട്ടികയിൽ പേര് ചേർക്കുന്ന തിരക്കിലായിരുന്നെങ്കിൽ കേരളത്തിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംഘടനയിൽ ആളെ ചേർക്കുന്ന തിരക്കിലായിരുന്നുവെന്ന് നേതാക്കൾ പരിഹസിച്ചു. രാഹുൽഗാന്ധിയുടെ പ്രത്യേക സംഘത്തിലെ അംഗം കൂടിയായ ശ്രീകൃഷ്ണ അല്ല വരുവാണ് ഈ തലതിരിഞ്ഞ നയത്തിന് പിന്നിലെന്നും യോഗത്തിൽ വിമർശനമുയർന്നു. സംഘടനാ പ്രവർത്തനത്തിൽ യാതൊരു മുൻപരിചയവുമില്ലാത്ത അല്ല വരുവിന്‍റെ പ്രവർത്തനം ഐടി കമ്പനികളുടെ മുതലാളിമാരുടേതിന് സമാനമെന്നും ആരോപണം ഉയര്‍ന്നു. അഭിപ്രായങ്ങൾ ഉന്നയിച്ചാൽ പിരിച്ചുവിടുമെന്ന ഭീഷണിയാണ് മറുപടിയെന്നും യൂത്ത് കോൺഗ്രസ് നേതാക്കള്‍ പറഞ്ഞു. ഇതൊരു 'ഫ്രോഡ് 'രീതി എന്നായിരുന്നു സംസ്ഥാന വൈസ് പ്രസിഡന്‍റ് സി ആർ മഹേഷ് അഭിപ്രായപ്പെട്ടത്.

സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട് പുതിയ അധ്യക്ഷനെയും ഭാരവാഹികളെയും ഉടൻ നിയമിക്കണമെന്ന് കോൺഗ്രസ് ദേശീയ നേതൃത്വത്തോട് ആവശ്യപ്പെടാൻ ഡീൻ കുര്യാക്കോസിനെയും രമ്യ ഹരിദാസിനെയും യോഗം ചുമതലപ്പെടുത്തി. അതേസമയം എംഎൽഎമാരായ ഷാഫി പറമ്പിൽ, കെ എസ് ശബരിനാഥൻ എന്നിവർക്ക് അധ്യക്ഷ പദത്തിൽ താല്‍പ്പര്യമുണ്ട്. എന്നാൽ എംഎൽഎമാരെ ഈ സ്ഥാനത്തേക്ക് പരിഗണിക്കരുതെന്ന പൊതുവികാരമാണ് യോഗത്തില്‍ ഉയര്‍ന്നത്. അധ്യക്ഷ സ്ഥാനം എ ഗ്രൂപ്പിനാണെങ്കില്‍ മലപ്പുറത്തു നിന്നുള്ള റിയാസ് മുക്കോളിക്കും ഐ ഗ്രൂപ്പിനെങ്കില്‍ റെജിൽ മാക്കുറ്റിക്കും നറുക്കു വീണേക്കും. നിയമസഭാ ഉപതെരഞ്ഞെടുപ്പുകൾക്ക് മുമ്പ് ശക്തമായ ജില്ലാ-സംസ്ഥാന നേതൃത്വങ്ങള്‍ ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്.

ABOUT THE AUTHOR

...view details