തിരുവനന്തപുരം : തിരുവനന്തപുരം കിഴക്കേകോട്ട പവർഹൗസ് റോഡിലെ ചെല്ലം അംബർലാ മാർട്ടിൽ തീപിടിത്തം. ഇന്ന് രാവിലെ 9 മണിയോടെ ആണ് തീപടർന്നത്. രണ്ടുനില ഷോറൂമും ഗോഡൗണും പൂർണമായും കത്തിനശിച്ചു. രക്ഷാ പ്രവർത്തനത്തിനിടെ രണ്ട് ഫയർമാൻമാർക്ക് പരിക്കേറ്റു. ഇരുവരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക നിഗമനം. പവർഹൗസ് റോഡിലെ തൊട്ടടുത്ത കടകളിലേക്ക് തീ പടർന്നതോടെ അവിടെ നിന്ന് ആളുകളെയും പാചകവാതക സിലിണ്ടറുകളും ഫയർഫോഴ്സ് ഒഴിപ്പിച്ചിരുന്നു.
തിരുവനന്തപുരം കിഴക്കേകോട്ടയിൽ വൻ തീപിടിത്തം - thiruvananthapuram
തീപിടിത്തത്തിൽ കെട്ടിടത്തിന്‍റെ ഇരുനിലകളും കത്തിനശിച്ചു. മൂന്ന് മണിക്കൂർ നീണ്ട പരിശ്രമത്തിന് ഒടുവില്‍ തീ നിയന്ത്രണ വിധേയമാക്കി.
ചാക്ക, ചെങ്കൽചൂള എന്നിവിടങ്ങളിൽ നിന്ന് ആദ്യം നാല് ഫയർ യൂണിറ്റുകൾ സ്ഥലത്തെത്തി. എന്നാൽ തൊട്ടടുത്ത കടകളിലേക്ക് തീ പടർന്നതോടെ രണ്ട് യൂണിറ്റുകൾ കൂടി എത്തുകയായിരുന്നു. തീ നിയന്ത്രണവിധേയമാക്കാൻ തിരുവനന്തപുരം വിമാനത്താവളത്തിലെ അത്യാധുനിക ഫയർ യൂണിറ്റും സ്ഥലത്തെത്തി. ഷോറൂമിന് പിന്നിലെ ഗോഡൗണിനു സമീപം ആവശ്യത്തിനു ഇടമില്ലാത്തതിനാൽ തീ കെടുത്താൻ ഫയർ യൂണിറ്റുകൾ നന്നേ പരിശ്രമിക്കേണ്ടി വന്നു. തീപിടിത്തത്തിന്‍റെ കാരണം അറിവായിട്ടില്ല. തീ അണയ്ക്കാനുള്ള പ്രാഥമിക സംവിധാനങ്ങൾ പോലും കടയില്‍ ഉണ്ടായിരുന്നില്ലെന്നാണ് പൊലീസ് നല്‍കുന്ന വിവരം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രൻ രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചു. സിറ്റി പൊലീസ് കമ്മീഷണർ കെ സഞ്ജയ് കുമാർ, ഡെപ്യൂട്ടി കമ്മീഷണർ ആദിത്യ എന്നിവരും സ്ഥലത്തെത്തി.