അരിയിൽ ഷുക്കൂർ വധക്കേസിൽ പി ജയരാജനും ടി വി രാജേഷ് എംഎൽഎയ്ക്കുമെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ച സംഭവം സംബന്ധിച്ച അടിയന്തരപ്രമേയ നോട്ടീസിന് സ്പീക്കർ അനുമതി നിഷേധിച്ചത് നിയമസഭയെ പ്രക്ഷുബ്ധമാക്കി. കോടതിയുമായി ബന്ധപ്പെട്ട പ്രശ്നം അടിയന്തരപ്രമേയ വിഷയമാക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി സ്പീക്കർ നോട്ടീസ് തള്ളിയതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. പ്രതിപക്ഷ ബഹളത്തെ തുടർന്ന് നടപടികൾ വെട്ടിച്ചുരുക്കി നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.
കണ്ണൂർ ജില്ലയിലെ പേരാവൂർ എംഎൽഎ സണ്ണി ജോസഫാണ് അടിയന്തരപ്രമേയ നോട്ടീസ് നൽകിയത്. എന്നാൽ നോട്ടീസിൽ സർക്കാരുമായി ബന്ധപ്പെട്ട പ്രശ്നങ്ങളൊന്നുമില്ലെന്നും അടിയന്തരപ്രമേയ നോട്ടീസ് പരിഗണനക്കെടുക്കാനാകില്ലെന്നും തുടക്കത്തിലേ സ്പീക്കർ നിലപാടെടുത്തു. ബാർ കേസിലടക്കം കോടതിയുടെ പരാമർശങ്ങൾക്ക് അടിയന്തരപ്രമേയ നോട്ടീസ് പരിഗണിച്ച കീഴ്വഴക്കം 6 തവണ ഉണ്ടായിട്ടുണ്ടെന്ന് പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി. സഭാംഗമായ ടി വി രാജേഷ് ഒരു രാഷ്ട്രീയ കൊലപാതക കേസിൽ പ്രതിയാക്കപ്പെട്ട സംഭവം ഈ സഭയിൽ അല്ലാതെ എവിടെ ഉന്നയിക്കുമെന്ന് പ്രതിപക്ഷനേതാവ് ചോദിച്ചു.