സീറ്റ് വിഭജന ചർച്ചകൾ അതിവേഗം പൂർത്തിയാക്കി ഫെബ്രുവരി 25ന് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ഒരുങ്ങി യുഡിഎഫ്. ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജന ചർച്ചകൾ 18ന് ആരംഭിക്കും. ലീഗ് മൂന്നാം സീറ്റിനും കേരള കോൺഗ്രസ് രണ്ടാം സീറ്റിനും അവകാശവാദമുന്നയിക്കുമ്പോൾ ഇതിനെ എങ്ങനെ മറികടക്കുമെന്നതാകും ഉഭയകക്ഷി ചർച്ചയിൽ കോൺഗ്രസിനെ കുഴക്കുക.
പതിവിലും നേരത്തെ സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയാക്കി സ്ഥാനാർഥി പ്രഖ്യാപനം എന്നാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കെപിസിസിക്ക് നൽകിയിട്ടുള്ള നിർദേശം. തർക്കങ്ങളെല്ലാം പരമാവധി നേരത്തെ പരിഹരിച്ച് ഫെബ്രുവരി 25ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. ഫെബ്രുവരി 18ന് ഘടകകക്ഷികളുമായി ഉഭയകക്ഷി ചർച്ച കന്‍റാണ്‍മെന്‍റ് ഹൗസിൽ നടക്കും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എന്നിവരായിരിക്കും ഉഭയകക്ഷി ചർച്ചകൾക്ക് നേതൃത്വം നൽകുക. സീറ്റ് വിഭജനം സംബന്ധിച്ച് ഒരു പ്രശ്നവും ഉണ്ടാകില്ലെന്ന് യുഡിഎഫ് യോഗത്തിനു ശേഷം കൺവീനർ ബെന്നി ബഹനാൻ പറഞ്ഞു.