സൂര്യാഘാത മുന്നറിയിപ്പ് അവഗണിച്ച് തലസ്ഥാനത്ത് ഇതര സംസ്ഥാന തൊഴിലാളികളെ വെയിലത്ത് പണിയെടുപ്പിക്കുന്നു. സൂര്യാഘാതത്തിന് സാധ്യതയുള്ളതിനാൽ രാവിലെ 11നും വൈകിട്ടു മൂന്നിനുമിടയിൽ തൊഴിൽ സമയം പുനഃക്രമീകരിക്കണമെന്ന് ലേബര്‍ കമ്മീഷണറുടെ നിർദ്ദേശം അവഗണിച്ചാണ് തൊഴിലാളികളെ ദേശീയപാത നിർമാണത്തിന് കൊടുംവെയിലിൽ പണിയെടുപ്പിക്കുന്നത്. രാവിലെ എട്ടു മുതൽ രാത്രി 9 വരെ നീളുന്ന തൊഴിൽ സമയത്തിൽ ഉച്ചക്ക് ഒന്നുമുതൽ രണ്ടു വരെ മാത്രമാണ് വിശ്രമം അനുവദിച്ചിട്ടുള്ളതെന്ന് തൊഴിലാളികൾ പറയുന്നു.
നാട് ചുട്ടുപൊള്ളുമ്പോഴും ഇതര സംസ്ഥാന തൊഴിലാളികളോട് ദയവില്ല - സൂര്യാഘാത മുന്നറിയിപ്പ് കാറ്റിൽ പറത്തി
സര്‍ക്കാരിന്‍റെ എല്ലാ വിലക്കും ലംഘിച്ച് ദേശീയപാത നിര്‍മ്മാണത്തിന് ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിക്കുന്നു
ഉച്ചക്ക്12 മണിക്ക് ശേഷം കൊടുംചൂടിൽ കൂറ്റൻ കോൺക്രീറ്റ് കെട്ടിടങ്ങൾക്ക് മുകളിൽ തൊഴിലാളികൾ പണിയെടുക്കുന്ന കാഴ്ച സാധാരണമാണ്. തിരുവനന്തപുരം അടക്കമുള്ള 12 ജില്ലകളിൽ മറ്റെന്നാള്‍ വരെ പകൽ താപനില ശരാശരിയേക്കാൾ മൂന്നു മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ കൂടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പുണ്ട്. ഇത് കണക്കിലെടുത്ത് പകൽ 11നും വൈകിട്ടു മൂന്നിനുമിടയിൽ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണമെന്ന് പൊതുജനങ്ങൾക്ക് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും മുന്നറിയിപ്പു നൽകിയിരിക്കുകയാണ്. ഇതിന്‍റെ അടിസ്ഥാനത്തിൽ തൊഴിൽ സമയം പുനഃക്രമീകരിക്കണമെന്ന് ലേബർ കമ്മീഷണർ ഉത്തരവും നൽകിയിട്ടുണ്ട്. എന്നാൽ കഴക്കൂട്ടം-കാരോട് ദേശീയപാതാ നിർമ്മാണത്തിൽ കെ എൻ ആർ സി എൽ നുവേണ്ടി പണിയെടുക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളോട് യാതൊരു മാനുഷിക പരിഗണനയും ഇല്ല. തൊഴിലാളികൾ നട്ടുച്ചയ്ക്കും വിശ്രമമില്ലാതെ വെയിലിൽ പണിയെടുക്കുന്നു. ഉച്ചക്ക് ഒരു മണി മുതൽ 2 മണി വരെ മാത്രമാണ് ഉച്ചഭക്ഷണത്തിന് വിശ്രമം അനുവദിച്ചിട്ടുള്ളത് എന്ന് പശ്ചിമബംഗാൾ, ജാർഖണ്ഡ് സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികൾ പറയുന്നു.
പത്തും പതിനഞ്ചും അടി ഉയരമുള്ള കൂറ്റൻ കോൺക്രീറ്റ് തൂണുകൾക്ക് മുകളിൽ വെയിലേറ്റ് ചൂടുപിടിച്ച ഇരുമ്പുകമ്പി ഉപയോഗിച്ചുള്ള നിർമാണപ്രവർത്തനങ്ങളാണ് ഇവർ നടത്തുന്നത്. ഇന്നലെ മാത്രം 36 പേർക്ക് സംസ്ഥാനത്ത് സൂര്യാഘാതം ഏൽക്കുകയും കഴിഞ്ഞ 10 ദിവസത്തിനിടെ മൂന്ന് പേർ മരിക്കുകയും ചെയ്തിട്ടും ഇതര സംസ്ഥാന തൊഴിലാളികളെ കൊടുംചൂടിൽ പണിയെടുപ്പിക്കുന്നത് എതിരെ ആരും നടപടി എടുക്കുന്നില്ല.