തിരുവനന്തപുരം നഗരത്തില്‍ വീണ്ടും കൊലപാതകം. തലസ്ഥാന നഗരമധ്യത്തില്‍ മ്യൂസിയം സ്റ്റേഷന്‍ പരിധിയിലുള്ള ബാര്‍ട്ടന്‍ഹില്‍ കോളനിയിലാണ് രണ്ടാഴ്ചയ്ക്കുള്ളില്‍ മൂന്നാം കൊലപാതകമുണ്ടായത്. ബാർട്ടൺഹിൽ സ്വദേശിയും ഓട്ടോ തൊഴിലാളിയുമായ എസ് പി അനിൽ എന്ന അനിയെയാണ് ഇന്നലെ അർധരാത്രി 12 മണിയോടെ നടുറോഡിലിട്ട് വെട്ടി കൊലപ്പെടുത്തിയത്. ബാർട്ടൺഹിൽ കോളനിക്ക് സമീപം ആയിരുന്നു ആക്രമണം. ശരീരമാസകലം വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ അനിയെ പൊലീസ് ആംബുലൻസിൽ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെ ആയിരുന്നു മരണം. അനിയുടെ അയല്‍വാസിയും നിരവധി കേസുകളില്‍ പ്രതിയുമായ ജീവന് വേണ്ടി തിരച്ചില്‍ തുടങ്ങി. ഗുണ്ടാകുടിപ്പകയാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
തലസ്ഥാനത്ത് വീണ്ടും കൊലപാതകം; യുവാവിനെ വെട്ടിക്കൊലപ്പെടുത്തി
ഗുണ്ടാകുടിപ്പകയാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം
ഏതാനും വര്‍ഷം മുന്‍പ് കൊലപാതക കേസില്‍ പ്രതിയായിട്ടുള്ളയാളാണ് കൊല്ലപ്പെട്ട അനി. പ്രതിയായ ജീവന്‍ കാപ്പാ നിയമം ചുമത്തപ്പെട്ട ഗുണ്ടയുമാണ്. രാത്രി പത്ത് മണിയോടെ കോളനിയിലേക്കുള്ള വഴിയില്‍ വച്ച് തര്‍ക്കമുണ്ടാവുകയും ജീവന്‍ കത്തികൊണ്ട് അനിയെ വെട്ടുകയുമായിരുന്നു. അനിയുടെ മരണത്തോടെ തുടര്‍ച്ചയായ മൂന്നാം കൊലയ്ക്കാണ് നഗരം സാക്ഷിയാകുന്നത്. കരമനയില്‍ അനന്തു ഗിരീഷിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതും ശ്രീവരാഹത്ത് ശ്യാമിനെ കുത്തിക്കൊലപ്പെടുത്തിയതുമാണ് രണ്ട് കൊലപാതകങ്ങള്‍. ഗുണ്ടാ സംഘങ്ങളെയും ലഹരി മാഫിയയെയും അമർച്ച ചെയ്യാൻ തിരുവനന്തപുരം സിറ്റി പൊലീസ് ഓപ്പറേഷൻ ബോൾട്ട് എന്ന് തീവ്ര പരിശോധന നടത്തുന്നതിനിടെയാണ് നഗരത്തിൽ മൂന്നാം കൊലപാതകം നടക്കുന്നത്.