തിരുവനന്തപുരം : കെ.എസ്.ആർ.ടി.സി.യിലെ ശമ്പള വിതരണ പ്രതിസന്ധിയെ തുടർന്നുണ്ടായ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ചര്‍ച്ച ഇന്ന് നടക്കും. തൊഴിലാളി സംഘടനകളും കെ.എസ്.ആർ.ടി.സി എം.ഡിയും തമ്മിലാണ് ചർച്ച. നിലവിലെ ശമ്പള കരാർ അനുസരിച്ച് എല്ലാ മാസവും അഞ്ചാം തീയതിക്കുള്ളിൽ ശമ്പളം നൽകണമെന്ന ആവശ്യമാണ് തൊഴിലാളി സംഘടനകൾ പ്രധാനമായും ഉന്നയിക്കുന്നത്.
കഴിഞ്ഞ മാസത്തെ ശമ്പള വിതരണം ഏറെ വൈകിയിരുന്നു. വിഷു, ഈസ്റ്റർ ആഘോഷങ്ങൾ കഴിഞ്ഞ് 18നാണ് ശമ്പള വിതരണം നടന്നത്. സർക്കാർ ധനസഹായത്തിനൊപ്പം ഓവർ ഡ്രാഫ്റ്റ് എടുത്താണ് പ്രശ്‌നം താത്കാലികമായി പരിഹരിച്ചത്.
Also Readഈസ്റ്ററിനും ശമ്പളമില്ലാതെ ജീവനക്കാർ; പ്രതിസന്ധിയിൽ കെഎസ്ആർടിസി
എന്നാൽ എല്ലാ മാസവും ശമ്പളം നൽകാൻ കെ.എസ്.ആർ.ടി.സിക്ക് അധിക സഹായം അനുവദിക്കാനാകില്ലെന്ന് ധനവകുപ്പും നിലപാട് അറിയിച്ചിട്ടുണ്ട്. ശമ്പള വിതരണത്തിന് കെ.എസ്.ആർ.ടി.സി തന്നെ പണം കണ്ടെത്തണമെന്നും ധനവകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തിൽ തൊഴിലാളി സംഘടനകൾ കടുത്ത അതൃപ്‌തിയിലാണ്.
പ്രശ്‌നം രമ്യമായി പരിഹരിക്കാനാണ് മാനേജ്മെന്‍റിന്‍റെ ശ്രമം. കോൺഗ്രസ് അനുകൂല സംഘടനയായ ടി.ഡി.എഫും ഇന്ന് നടക്കുന്ന ചർച്ചയിൽ പങ്കെടുക്കും. ശമ്പള വിതരണത്തിൽ അനിശ്ചിതത്വം നിലനില്‍ക്കുന്ന സാഹചര്യത്തിൽ ബി.എം.എസും സി.ഐ.ടി.യുവും ഈ മാസം 28ന് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്.