തിരുവനന്തപുരം: കാസര്‍കോട് അതിനൂതന കൊവിഡ് ആശുപത്രി യാഥാര്‍ഥ്യമാക്കാനും ചികിത്സ ശക്തിപ്പെടുത്തുന്നതിനുമായി തിരുവനന്തപുരത്ത് നിന്നും വിദഗ്‌ധ സംഘം യാത്ര തിരിച്ചു. സെക്രട്ടേറിയറ്റിന് മുമ്പില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ സംഘത്തെ യാത്രയയച്ചു. തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ നിന്നുള്ള 26 അംഗ സംഘമാണ് യാത്ര തിരിച്ചത്. മെഡിക്കല്‍ കോളജ് ഡോക്‌ടര്‍മാരുടെയും നഴ്‌സുമാരുടെയും അനുഭവവും പരിചയസമ്പത്തും കാസര്‍കോടിന് കരുത്താകുമെന്ന് മന്ത്രി വ്യക്തമാക്കി. ഏറ്റവുമധികം കൊവിഡ് രോഗികളുള്ള ജില്ലയായ കാസര്‍കോട്ടെ രോഗികൾക്ക് മികച്ച ചികിത്സാ സൗകര്യം ഒരുക്കുന്നതിന്‍റെ ഭാഗമായാണ് കാസര്‍കോട് മെഡിക്കല്‍ കോളജിലെ പുതിയ അഡ്‌മിനിസ്‌ട്രേറ്റീവ് ബ്ലോക്കിനെ കൊവിഡ് ആശുപത്രിയാക്കി മാറ്റുന്നത്. 200 ഓളം കിടക്കകളുള്ള ഐസൊലേഷന്‍ വാര്‍ഡുകളും 20 തീവ്ര പരിചരണ വിഭാഗങ്ങളുമാണ് ഇവിടെ പ്രവര്‍ത്തന സജ്ജമാക്കുന്നത്. നാല് ദിവസം കൊണ്ട് കാസര്‍കോട് കൊവിഡ് ആശുപത്രി തുടങ്ങണമെന്ന് മുഖ്യമന്ത്രി നേരത്തെ നിര്‍ദേശിച്ചിരുന്നു.
കൊവിഡ് ചികിത്സ; വിദഗ്‌ധ സംഘം കാസര്‍കോട്ടേക്ക് - കാസര്‍കോട് മെഡിക്കല്‍ കോളജ്
ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ 26 അംഗ സംഘത്തെ യാത്രയയച്ചു. 200 ഓളം കിടക്കകളുള്ള ഐസൊലേഷന്‍ വാര്‍ഡുകളും 20 തീവ്ര പരിചരണ വിഭാഗങ്ങളുമാണ് ഇവിടെ പ്രവര്‍ത്തന സജ്ജമാക്കുന്നത്. നാല് ദിവസം കൊണ്ട് കാസര്‍കോട് കൊവിഡ് ആശുപത്രി തുടങ്ങണമെന്ന് മുഖ്യമന്ത്രി നേരത്തെ നിര്‍ദേശിച്ചിരുന്നു.
ഒന്നാം ഘട്ടത്തില്‍ ഏഴ് കോടി രൂപയാണ് ഈ ആശുപത്രിക്കായി അനുവദിച്ചിട്ടുള്ളത്. ആശുപത്രിക്കാവശ്യമായ ഉപകരണങ്ങളും ഫര്‍ണിച്ചറുകളുമെല്ലാം അടിയന്തരമായി സജ്ജമാക്കി വരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗം ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.എസ്.എസ്.സന്തോഷ് കുമാറിന്‍റെ ഏകോപനത്തില്‍ രണ്ട് ഡോക്‌ടര്‍മാര്‍, രണ്ട് നഴ്‌സുമാര്‍, ഒരു നഴ്‌സിങ് അസിസ്റ്റന്‍റ് എന്നിങ്ങനെ അഞ്ച് ടീമുകളായി തിരിച്ചാണ് പ്രവര്‍ത്തനം നടത്തുക. കൊവിഡ് ഒ.പി, കൊവിഡ് ഐ.പി, കൊവിഡ് ഐ.സി.യു എന്നിവയെല്ലാം ഇവരുടെ മേല്‍നോട്ടത്തില്‍ സജ്ജമാക്കും.
അനസ്‌തീഷ്യാ വിഭാഗത്തിലെ ഡോ.നരേഷ് കുമാര്‍, ഡോ.രാജു രാജന്‍, ഡോ.മുരളി, ന്യൂറോളജി വിഭാഗത്തിലെ ഡോ.ജോസ് പോള്‍ കുന്നില്‍, ഡോ.ഷമീം, ജനറല്‍ മെഡിസിന്‍ വിഭാഗത്തിലെ ഡോ.സജീഷ്, പള്‍മണറി മെഡിസിന്‍ വിഭാഗത്തിലെ ഡോ.പ്രവീണ്‍, ഡോ.ആര്‍.കമല, നെഫ്രോളജി വിഭാഗത്തിലെ ഡോ.എബി, പീഡിയാട്രിക്‌സിലെ ഡോ.മൃദുല്‍ ഗണേഷ്, സ്റ്റാഫ് നഴ്‌സുമാരായ ജോസഫ് ജെന്നിംഗ്‌സ്, എസ്.കെ.അരവിന്ദ്, പ്രവീണ്‍ കുമാര്‍, അനീഷ് രാജ്, വിഷ്ണു പ്രകാശ്, എസ്.റാഷിന്‍, എം.എസ്.നവീന്‍, റിതുഗാമി, ജെഫിന്‍ പി.തങ്കച്ചന്‍, ഡി.ശരവണന്‍, നഴ്‌സിങ് അസിസ്റ്റന്‍റുമാരായ ആര്‍.എസ്.ഷാബു, കെ.കെ.ഹരികൃഷ്ണന്‍, എസ്.അതുല്‍ മനാഫ്, സി.ജയകുമാര്‍, എം.എസ്.സന്തോഷ് കുമാര്‍ എന്നിവരാണ് സംഘത്തിലുള്ളത്.