തിരുവനന്തപുരം: റാങ്ക് പട്ടികയിലുള്ള ഭാര്യയ്ക്ക് വേണ്ടിയാണ് സമരത്തിനെത്തിയതെന്ന് സമരപന്തലില്‍ ആത്മഹത്യാ ഭീഷണി നടത്തിയ കെ.കെ.റിജു. പിഎസ്.സി ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോള്‍ഡേഴ്‌സിന്‍റെ സെക്രട്ടേറിയറ്റിനു മുന്നിലെ സമര പന്തലില്‍ കഴിഞ്ഞ ദിവസം മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാ ശ്രമം നടത്തിയ വ്യക്തിയാണ് കെ.കെ റിജു. സമരം നടത്തുന്നവര്‍ക്കിടയിലേക്ക് നുഴഞ്ഞ് കയറി പ്രശ്‌നമുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് ധനമന്ത്രിയുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു പാലക്കാട് പെരുവമ്പ് സ്വദേശിയായ റിജു.
റാങ്ക് പട്ടികയിലുള്ള ഭാര്യയ്ക്ക് വേണ്ടിയാണ് സമരത്തിനെത്തിയതെന്ന് കെ.കെ റിജു - ഉദ്യോഗാര്‍ഥികളുടെ ആത്മഹത്യാശ്രമം
പിഎസ്.സി ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോള്‍ഡേഴ്‌സിന്‍റെ സെക്രട്ടേറിയറ്റിനു മുന്നിലെ സമര പന്തലില്‍ കഴിഞ്ഞ ദിവസം മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാ ഭീഷണി നടത്തിയ വ്യക്തിയാണ് കെകെ റിജു.
ഭാര്യ സനുജ 259-ാം റാങ്കുകാരിയായിരുന്നു. ഭാര്യയ്ക്ക് സമരത്തിന് എത്താന്‍ കഴിയാത്തതു കൊണ്ടാണ് സമരത്തിന് എത്തിയതെന്ന് റിജു പറഞ്ഞു. താന്‍ സമരം ചെയ്യുന്നതാണ് പ്രശ്‌നമെങ്കില്‍ മാറി നില്‍ക്കാന്‍ തയ്യാറാണ്. ബുധനാഴ്ച നാട്ടിലേക്ക് മടങ്ങാനാണ് തീരുമാനിച്ചിരുന്നതെന്നും എന്നാല്‍ വിവാദങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ സമരപന്തലില്‍ തുടരാനാണ് തീരുമാനമെന്നും റിജു വ്യക്തമാക്കി. സമരപന്തലില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് റിജു നിലപാട് വ്യക്തമാക്കിയത്.
സമരം ചെയ്യുന്നതിന്‍റെ പേരില്‍ തനിക്കെതിരെ മോശമായ രീതിയില്‍ സമൂഹമാധ്യമത്തില്‍ പ്രചരണം നടക്കുകയാണെന്ന് സമരം നടത്തുന്ന ലയ രാജേഷ് പറഞ്ഞു. ഇതിനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഈ ജോലി കിട്ടിയില്ലെങ്കില്‍ കൂലി പണിക്ക് പോകുമെന്ന് പറഞ്ഞത് പ്രതിഷേധത്തിന്‍റെ ഭാഗമായാണ്. എല്ലാവര്‍ക്കും ജോലി ലഭിക്കില്ലെന്ന് ധനമന്ത്രി പറഞ്ഞത് ശരിയല്ലെന്നും ലയ പറഞ്ഞു.