തിരുവനന്തപുരം : നിയമസഭ സ്‌പീക്കറുടെ ഓഫിസിന് മുന്‍പിലുണ്ടായ കയ്യാങ്കളിക്കിടെ പരിക്കേറ്റ കെകെ രമ ഡോക്‌ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഇന്ന് വീണ്ടും കൈയ്‌ക്ക് പ്ലാസ്റ്ററിട്ടു. കെകെ രമയുടെ കൈയ്ക്ക് പരിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും പാര്‍ട്ടി, സൈബര്‍ ഇടങ്ങളിലും വ്യാപകമായി ആരോപണം ഉന്നയിച്ചിരുന്നു. ഇതിനിടെയാണ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെത്തി രമ വീണ്ടും പ്ലാസ്റ്ററിട്ടത്.
ഡോക്‌ടറുടെ നിര്‍ദേശ പ്രകാരം ആശുപത്രിയില്‍ എത്തുകയും പഴയ പ്ലാസ്റ്റര്‍ നീക്കി പുതിയത് ഇടുകയുമാണ് ചെയ്‌തതെന്ന് കെക രമ മാധ്യമങ്ങളോട് പറഞ്ഞു. തന്‍റേതെന്ന പേരില്‍ പ്രചരിപ്പിച്ച എക്‌സ്‌റേ വ്യാജമായിരുന്നു. ഇക്കാര്യം ഡോക്‌ടര്‍ തന്നെ അറിയിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ തനിക്കെതിരെ പ്രചാരണം ആരംഭിച്ചപ്പോള്‍ തന്നെ ഇത് വ്യാജമാണെന്ന് അറിയാമായിരുന്നു. എക്‌സ്‌റേ ആശുപത്രിയില്‍ നിന്ന് പുറത്ത് പോയിട്ടില്ലെന്നും ഡോക്‌ടര്‍ അറിയിച്ചതായി കെകെ രമ വ്യക്തമാക്കി.
'സത്യം പറയാന്‍ ദേശാഭിമാനി തയ്യാറാകുമോ?' :വ്യാജമായി എക്‌സ്‌റേ നിര്‍മിച്ച് അതില്‍ തന്‍റെ പേരുകൂടി ചേര്‍ത്ത് കെട്ടിച്ചമച്ച് സിപിഎം കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ സിപിഎം ഏതറ്റം വരെയും പോകും എന്നതിന് തെളിവാണിത്. താന്‍ വ്യാജമായി കൈയില്‍ പ്ലാസ്റ്ററിട്ടുവെന്ന് വാര്‍ത്ത കൊടുത്ത ദേശാഭിമാനി പത്രം ഈ സാഹചര്യത്തില്‍ സത്യം തുറന്നുപറയാന്‍ തയ്യാറാവുമോ?. 2012 മുതല്‍ താന്‍ ആസ്ഥാന വിധവയാണെന്നും വൈധവ്യം വിറ്റ് ജീവിക്കുന്നവളാണെന്നും സിപിഎം പ്രചരിപ്പിച്ചുകൊണ്ടേ ഇരിക്കുകയാണ്. അതിന്‍റെ തുടര്‍ച്ചയായി മാത്രമേ ഇപ്പോഴത്തെ അടിസ്ഥാന രഹിതമായ പ്രചാരണങ്ങളെ കാണുന്നുള്ളൂ.