തിരുവനന്തപുരം : കിഴക്കേക്കോട്ടയിൽ ഉണ്ടായ തീപിടിത്തത്തിൽ 30 ലക്ഷം രൂപയുടെ നാശനഷ്‌ടങ്ങൾ ഉണ്ടായതായി പ്രാഥമിക വിവരം. രണ്ട് മണിക്കൂർ നീണ്ടുനിന്ന പരിശ്രമത്തിനൊടുവിൽ തീ പൂർണമായും അണച്ചു. കിഴക്കേക്കോട്ട ബസ് സ്റ്റാൻഡിന് പിറക് വശത്തുള്ള കടകളിലാണ് രാവിലെ 11.30 ഓടെ തീപിടിച്ചത്. 'ചോക്ലേറ്റ് ടീ സ്റ്റാൾ' എന്ന ബേക്കറിയിൽ പുതിയ ഗ്യാസ് സിലിണ്ടർ മാറ്റി വയ്‌ക്കുന്നതിനിടെ ഉണ്ടായ അശ്രദ്ധയാണ് തീപിടിത്തത്തിന് കാരണമായത്.
തുടർന്ന് സമീപത്തെ കടകളിലേക്ക് തീ പടരുകയായിരുന്നു. ചെങ്കൽച്ചൂള്ള, ചാക്ക ഭാഗങ്ങളിൽ നിന്നുമാണ് ഫയർ ഫോഴ്‌സ് യൂണിറ്റുകൾ എത്തിയത്. ആറ് യൂണിറ്റോളം വാഹനങ്ങൾ എത്തിയാണ് തീ അണച്ചത്. തീപിടിത്തത്തിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതോടെയാണ് തീ പടർന്നതെന്ന് ദൃക്‌സാക്ഷികൾ പറയുന്നത്.
പൊട്ടിത്തെറിയ്‌ക്ക് മുൻപ് തന്നെ സമീപത്ത് നിന്നും ആളുകളെല്ലാം മാറിയതിനാൽ വൻ ദുരന്തം ഒഴിവായി. സംഭവത്തിൽ അഞ്ച് കടകളാണ് കത്തി നശിച്ചത്. ഇതിൽ മൂന്ന് കടകൾ പൂർണമായും രണ്ടെണ്ണം ഭാഗികമായും കത്തി നശിച്ചു. ഒരു ലോട്ടറി കടയ്‌ക്കും രണ്ട് മൊബൈൽ കടയ്‌ക്കും രണ്ട് ചായക്കടയ്‌ക്കുമാണ് തീപിടിച്ചത്.
സമയോചിതമായ ഇടപെടൽ വൻ ദുരന്തം ഒഴിവാക്കി: സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കലക്‌ടർക്ക് നിർദേശം നൽകുമെന്ന് സ്ഥലം സന്ദർശിച്ച മന്ത്രി ആന്‍റണി രാജുവും വി ശിവൻകുട്ടിയും പ്രതികരിച്ചു. കെഎസ്‌ആർടിസി ജീവനക്കാർ, ഓട്ടോ തൊഴിലാളികൾ, ചുമട്ട് തൊഴിലാളികൾ എന്നിവർ സന്ദർഭോചിതമായി പ്രവർത്തിച്ചതിനാൽ വലിയ അപകടം ഒഴിവാക്കാനായതായി ആന്‍റണി രാജു പറഞ്ഞു.