തിരുവനന്തപുരം: ഒരൊറ്റ കടിക്ക് ഒരാനയെ വരെ കൊല്ലാൻ ശേഷിയുള്ള പാമ്പാണ് രാജവെമ്പാല. അതേസമയം രാജവെമ്പാല കടിച്ചുള്ള മരണം അത്യപൂർവ്വവുമാണ്. ഒന്നര വർഷം മുമ്പ് കർണാടകയിൽ ഒരു പാമ്പുപിടിത്തക്കാരൻ രാജവെമ്പാലയുടെ കടിയേറ്റു മരിച്ചതാണ് രാജ്യത്ത് ഔദ്യോഗികമായി റിപ്പോർട്ട് ചെയ്ത ആദ്യ സംഭവം.
തിരുവനന്തപുരം മൃഗശാലയിൽ ജീവനക്കാരൻ രാജവെമ്പാലയുടെ കടിയേറ്റ് മരിച്ച സംഭവത്തിൻ്റെ പശ്ചാത്തലത്തിലാണ് ഇത് ചർച്ചയാകുന്നത്. കേരളത്തിൽ ആദ്യമായാണ് ഇത്തരമൊരു സംഭവം റിപ്പോർട്ടു ചെയ്യുന്നത്.
കടിക്കാറില്ല, കടിച്ചാൽ രക്ഷയില്ല
മൂർഖൻ, അണലി തുടങ്ങിയ വിഷപാമ്പുകളെ പോലെ ജനവാസ മേഖലയിൽ പൊതുവേ രാജവെമ്പാലകൾ പ്രത്യക്ഷപ്പെടാറില്ല. ഇവയുടെ കടിയേറ്റ സംഭവങ്ങൾ അപൂർവ്വമായതും അതുകൊണ്ടാണ്. ആഹാരത്തിനോ ആത്മരക്ഷക്കോ അല്ലാതെ ആക്രമിക്കുന്ന സ്വഭാവവുമില്ല രാജവെമ്പാലക്ക്.
മനുഷ്യനെ കണ്ടാലും ഒഴിഞ്ഞു പോകും. എന്നാൽ മുട്ടയിടുന്ന കാലത്ത് പൊതുവേ ഇവ ആകമണകാരികളാണു താനും. മഴക്കാടുകളിലാണ് പൊതുവേ ഇവയുടെ വാസം. ചൂടു കൂടുന്ന കാലത്താണ് ജനവാസ മേഖലയിൽ ഇവയെ കാണാൻ സാധിക്കുക.
ഭീമാകാരൻ, ഭക്ഷണം ചെറുപാമ്പുകൾ
പൂർണ വളർച്ചയെത്തിയ രാജവെമ്പാലക്ക് ശരാശരി 3.18 മീറ്റർ മുതൽ 4 മീറ്റർ വരെ നീളമുണ്ടാവും. 5.85 മീറ്റർ വരെ നീളമുള്ള രാജവെമ്പാലയെയും കണ്ടെത്തിയിട്ടുണ്ട്. ഈ ഭീമാകാരത്വം മൂലം ജനവാസമേഖലയിൽ പ്രത്യക്ഷപ്പെട്ടാലും മനുഷ്യൻ സാധാരണ ഇവയെ എതിരിടാറില്ല.