തിരുവനന്തപുരം :കിൻഫ്രാ പാർക്കിലെ (Kinfra park) കോമൺ ഫസിലിറ്റീസ് ചാർജ് (അടിസ്ഥാന സൗകര്യ പരിപാലന നിരക്ക്) വർധന ചോദ്യം ചെയ്ത് സ്വകാര്യ സംരംഭകർ നൽകിയ പരാതി ലോകായുക്ത (Lokayukta) തള്ളി. ബഹു. ജസ്റ്റിസ് സിറിയക് ജോസഫും, ജസ്റ്റിസ് ബാബു മാത്യു പി. ജോസഫും അടങ്ങിയ ലോകായുക്ത ഡിവിഷൻ ബഞ്ചിന്റേതാണ് നടപടി.
കൂടിയാലോചനകളില്ലാതെ തികച്ചും എകപക്ഷീയമായി നടപ്പിലാക്കിയ നിരക്ക് വർധന യുക്തിരഹിതവും, അന്യായവുമായ നടപടിയാണെന്ന് ആരോപിച്ചാണ് പരാതിക്കാർ ലോകായുക്തയെ സമീപിച്ചത്. ഇത് ലോകായുക്ത ആക്റ്റ് സെക്ഷൻ 2(k) യിൽ പരാമർശിക്കുന്ന കെടുകാര്യസ്ഥതയുടെ നിർവചനത്തിൽ ഉൾപ്പെടുന്നതിനാൽ യുക്തമായി നടപടി സ്വീകരിക്കണം എന്നും പരാതിക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
സംരംഭകരും കിൻഫ്രയും തമ്മിൽ ഒപ്പ് വച്ച കരാറിന്റെ അടിസ്ഥാനത്തിലാണ് നിരക്ക് വർധിപ്പിച്ചതെന്ന് സമർഥിച്ച കിൻഫ്രയുടെ അഭിഭാഷകൻ, കരാറുകളെ സംബന്ധിച്ചുള്ള പരാതികൾ ലോകായുക്തയുടെ അധികാര പരിധിയിൽ ഉൾപ്പെടാത്തതിനാൽ പരാതി തള്ളണമെന്ന് വാദിച്ചു. അതേസമയം കിൻഫ്രയുടേത് പരാതിക്കാരെ പീഡിപ്പിക്കുന്ന നടപടി (Harassment) ആണെന്നും ആയത് ലോകായുക്തയുടെ അധികാര പരിധിയിൽ വരുന്ന വിഷയമാണെന്നും പരാതിക്കാരുടെ അഭിഭാഷകൻ മറുവാദം ഉന്നയിച്ചു.
കരാർ സംബന്ധമായ പരാതികളിൽ ഹരാസ്മെന്റ് ഒരു വിഷയമായി ഉന്നയിച്ചിട്ടുണ്ടെങ്കിൽ ലോകായുക്തക്ക് അതിൻമേൽ അന്വേഷണം നടത്താം എന്ന് പരാമർശിച്ച ഡിവിഷൻ ബഞ്ച്, ഹരാസ്മെന്റ് ആരോപിക്കുമ്പോൾ അതിനെ സാധൂകരിക്കുന്ന വസ്തുതാപരമായ ഘടകങ്ങൾ കൂടി പരാതിയിൽ ഉൾപ്പെടുത്തിയിരിക്കണമെന്നും അല്ലാത്ത പക്ഷം പരാതി നിലനിൽക്കില്ല എന്നും വ്യക്തമാക്കി.