കേരളം

kerala

ETV Bharat / state

നെഹ്റു യുവകേന്ദ്ര പുരസ്‌കാരം കിളിയൂർ സാഗര ഗ്രന്ഥശാലക്ക്

2018-19 വർഷത്തെ മികച്ച പ്രവർത്തനം വിലയിരുത്തിയാണ് പുരസ്‌കാരം.

നെഹ്റു യുവകേന്ദ്ര പുരസ്‌കാരം  കിളിയൂർ സാഗര ഗ്രന്ഥശാലക്ക്  സാഗര ഗ്രന്ഥശാല ആന്‍റ് കലാകായിക സാംസ്‌കാരിക വേദി  കേന്ദ്ര യുവജനക്ഷേമ കായിക മന്ത്രാലയം  kiliyoor sagar library  nehru yuva kendra award
നെഹ്റു യുവകേന്ദ്ര പുരസ്‌കാരം കിളിയൂർ സാഗര ഗ്രന്ഥശാലക്ക്

By

Published : Jan 14, 2020, 8:21 AM IST

തിരുവനന്തപുരം: നെഹ്റു യുവകേന്ദ്രയുടെ മികച്ച യുവജന സാമൂഹിക സാംസ്‌കാരിക സന്നദ്ധ സംഘടനക്കുള്ള പുരസ്‌കാരം വെള്ളറട കിളിയൂർ സാഗര ഗ്രന്ഥശാല ആന്‍റ് കലാകായിക സാംസ്‌കാരിക വേദിക്ക്. കേന്ദ്ര യുവജനക്ഷേമ കായിക മന്ത്രാലയമാണ് പുരസ്‌കാരം നല്‍കുന്നത്. 2018-19 വർഷത്തെ മികച്ച പ്രവർത്തനം വിലയിരുത്തിയാണ് പുരസ്‌കാരം.

പുത്തൻ ആശയങ്ങളിലൂടെ മാതൃകാപരമായി നടത്തിയ പ്രവർത്തനങ്ങളാണ് മലയോര മേഖലയായ വെള്ളറടയിലെ സാഗര ഗ്രന്ഥശാലയെ ജില്ലയിലെ മികച്ച യൂത്ത് ക്ലബിനുള്ള പുരസ്‌കാരത്തിന് അർഹമാക്കിയത്. 25,000 രൂപയും പ്രശസ്‌തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്ക്കാരം.

മികച്ച പരിസ്ഥിതിസംരക്ഷണ പ്രവർത്തനങ്ങൾ, യുവാക്കളിലെ കായിക- മാനസിക- വിദ്യാഭ്യാസ ഉന്നമനത്തിനായി നടത്തിയ പ്രവർത്തനങ്ങൾ, ലഹരിക്കെതിരായ ബോധവല്‍ക്കരണ പ്രവർത്തനങ്ങൾ, ആരോഗ്യ സംരക്ഷണ ബോധവല്‍ക്കരണ പ്രവർത്തനങ്ങൾ, കലാമേളകൾ, മെഡിക്കൽ ക്യാമ്പുകൾ, രക്തദാന പ്രവർത്തനങ്ങൾ, പ്രളയകാലത്തെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ, ദേശീയ-അന്തർദേശീയ ദിനാചരണങ്ങൾ, യുവജനങ്ങൾക്കായി തൊഴിൽ പരിശീലന പരിപാടികൾ, വ്യക്തിത്വ വികസന ക്ലാസുകൾ, കരിയർ ഗൈഡൻസ് ക്ലാസുകൾ, കാർഷിക മേഖലയുടെ ഉന്നമനത്തിനായി നടത്തിയ പ്രവർത്തനങ്ങൾ, പൊതുസ്ഥല ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങിയവ മലയോര മേഖലയിലെ കലാകായിക സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് മുതൽകൂട്ടായി.

1992-ൽ ഒരു കൂട്ടം ചെറുപ്പക്കാരുടെ നേതൃത്വത്തില്‍ ആരംഭിച്ച സാംസ്‌കാരിക കേന്ദ്രമായ സാഗര തുടക്കത്തിൽ സാഗര ആർട്‌സ്‌ ആന്‍റ് സ്പോർട്‌സ് ക്ലബ് എന്ന പേരിലായിരുന്നു പ്രവർത്തിച്ചിരുന്നത്. പിന്നീട് ഗ്രന്ഥശാല പ്രവർത്തനം ഏറ്റെടുത്തതോടെ സാഗര ഗ്രന്ഥശാല ആന്‍റ് കലാകായിക സാംസ്‌കാരിക വേദി എന്ന പേരിലേക്ക് മാറി.

തൊഴിൽ പരിശീലന കേന്ദ്രം, സാഗര സ്‌കൂൾ ഓഫ് ആർട്‌സ്‌, പി.എസ്.സി പരിശീലന കേന്ദ്രം, സാഗര കബഡി അക്കാദമി എന്നിവ ഗ്രന്ഥശാലക്ക് കീഴില്‍ പ്രവർത്തിക്കുന്നു. ഇക്കോ ക്ലബും രക്തദാന സെല്ലും ഹിസ്റ്ററി ക്ലബുമെല്ലാം സാഗരയുടെ നേതൃത്വത്തില്‍ സജീവ പ്രവർത്തനമാണ് നടത്തുന്നത്.

ഗ്രന്ഥശാല കമ്മിറ്റി, ബാലവേദി, യൂത്ത് ക്ലബ്, വനിത വേദി, വയോജനവേദി എന്നിവ സാഗരയുടെ പ്രവർത്തനത്തിന് കരുത്ത് പകരുന്നു. മലയോര ഗ്രാമമായ വെള്ളറടയുടെ പ്രാദേശിക ചരിത്രരചനയുടെ പ്രവർത്തനം ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ നടന്നുവരുന്നു. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ, നെഹ്റു യുവകേന്ദ്ര, കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ്, കേരള സംഗീത നാടക അക്കാദമി എന്നിവയുടെ അഫിലിയേഷനോടെയാണ് സാഗര ഗ്രന്ഥശാല ആന്‍റ് കലാകായിക സാംസ്‌കാരിക വേദി പ്രവർത്തിക്കുന്നത്.

ABOUT THE AUTHOR

...view details