തിരുവനന്തപുരം:കിഫ്‌ബി മസാല ബോണ്ട് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിനെതിരെ രൂക്ഷവിമർശനവുമായി മുൻ ധനമന്ത്രി തോമസ് ഐസക്. ഇഡി ബിജെപിയുടെ രാഷ്ട്രീയ ചട്ടുകമാണെന്ന് തോമസ് ഐസക് വിമർശിച്ചു. 'ഫെമ' കേസുകളില്‍ ഇടപെടാന്‍ ഇ ഡിയ്‌ക്ക് സവിശേഷ അധികാരങ്ങളില്ലെന്നും അദ്ദേഹം വ്യക്താമാക്കി.
മസാല ബോണ്ടിന് അനുമതി നൽകിയത് ആർബിഐ ആണ്. ആർബിഐ കാണാത്ത എന്ത് കുറ്റമാണ് ഇഡി കണ്ടത്. ഇ ഡിക്ക് സവിശേഷ അധികാരം ഉള്ളത് കള്ളപ്പണം വെളുപ്പിക്കൽ കേസിലാണെന്നും തോമസ് ഐസക് അഭിപ്രായപ്പെട്ടു.
തോമസ് ഐസക് സംസാരിക്കുന്നു ഇ ഡിക്ക് കൃത്യമായ രാഷ്ട്രീയ ലക്ഷ്യമുണ്ട്. കേരളത്തിന്‍റെ വികസനം അട്ടിമറിക്കുകയാണ് കേന്ദ്ര ഏജന്‍സിയുടെ ലക്ഷ്യം. കിഫ്ബി ഇല്ലായിരുന്നെങ്കിൽ ഇപ്പോഴുള്ള വമ്പൻ പദ്ധതികൾ ഒന്നും നടക്കില്ലായിരുന്നു. ജനങ്ങളെ അണി നിരത്തി എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിന്‍റെ നീക്കങ്ങള്‍ പ്രതിരോധിക്കുമെന്നും തോമസ് ഐസക് പറഞ്ഞു.
കിഫ്ബി വിദേശത്ത് നിന്നും പണം സ്വീകരിച്ചതുമായി ബന്ധപ്പെട്ട് 2021 മാർച്ചിലാണ് ഇഡി കേസെടുത്തത്. കിഫ്ബി പ്രവർത്തനങ്ങൾ നിയമാനുസൃതമല്ലെന്നും ക്രമക്കേടുകൾ ഉണ്ടെന്നുമുള്ള സിഎജി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഏജന്‍സി കേസില്‍ അന്വേഷണം നടത്തുന്നത്. കേന്ദ്ര സർക്കാരിന്റെ അനുമതി ഇല്ലാതെ വിദേശത്തു നിന്നു പണം കൈപ്പറ്റിയതും മസാല ബോണ്ട് ഇറക്കാനായി റിസർവ് ബാങ്കിന്റെ അനുമതി തേടിയതിലെ ക്രമക്കേടുകളുമാണ് അന്വേഷണം സംഘം പരിശോധിക്കുന്നത്.
ഇ.ഡിയ്‌ക്ക് മുന്നില്‍ ഹാജരാകില്ല:കിഫ്‌ബി കേസില്‍ ഇന്ന് എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റിന് മുന്നില്‍ ഹാജരാകില്ലെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് രാവിലെ പതിനൊന്ന് മണിക്ക് കൊച്ചിയിലെ ഓഫീസിൽ എത്താനാണ് ഇ.ഡി നോട്ടിസ് നൽകിയിരുന്നത്. എന്നാൽ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകണോ വേണ്ടയോ എന്നത് ഹൈക്കോടതി വിധിക്ക് ശേഷം തീരുമാനിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
താൻ ഇഡിക്ക് മുന്നിൽ ഹാജരാകണമെന്ന് പറയുന്നത് പൗരാവകാശ ലംഘനമാണ്.'ഫെമ' നിയമം ലംഘിച്ചെങ്കിൽ നടപടിയെടുക്കേണ്ടത് ആർബിഐ ആണ്. തെറ്റ് എന്തെന്നറിയാതെ കുതിരകയറാൻ നിന്നുകൊടുക്കില്ല. തന്‍റെ മേലുള്ള കുറ്റം എന്താണെന്ന് ഇഡി വ്യക്തമാക്കണം, അല്ലാത്തപക്ഷം സമൻസ് റദ്ദാക്കണമെന്നുമാണ് ഐസക്കിന്‍റെ ആവശ്യം.
ഇഡിക്കു മുന്നിൽ ഹാജരാകേണ്ട എന്നത് വ്യക്തിപരമായ തീരുമാനമല്ല. പാര്‍ട്ടിയുമായി കൂടിയാലോചിച്ചാണ് ഇക്കാര്യം തീരുമാനിച്ചതെന്നും അദ്ദേഹം അറിയിച്ചു.