കേരളം

kerala

ETV Bharat / state

അടിയന്തരമായി ഡോക്ടര്‍മാരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് കെജിഎംഒഎ

കൊവിഡ് വ്യാപനം അതി രൂക്ഷമായ സാഹചര്യത്തിലാണ് അടിയന്തരമായി ഡോക്ടര്‍മാരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി കെജിഎംഒഎ രംഗത്ത് വന്നത്.

കെജിഎംഒഎ പുതിയ വാര്‍ത്ത  ഡോക്ടര്‍മാരുടെ എണ്ണം വര്‍ധിപ്പിക്കുക വാര്‍ത്ത  അടിയന്തരമായി ഡോക്ടര്‍മാരുടെ എണ്ണം വര്‍ധിപ്പിക്കുക വാര്‍ത്ത  kgmoa urges to incraese doctors number news  kgmoa latest news  kerala covid latest news  demand to increase the number of doctor news
ഡോക്ടര്‍മാരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് കെജിഎംഒഎ

By

Published : May 10, 2021, 1:52 PM IST

തിരുവനന്തപുരം: ആരോഗ്യമേഖലയില്‍ അടിയന്തരമായി ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ. കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനൊപ്പം കൊവിഡാനന്തര ചികിത്സയും ആരോഗ്യമേഖലയ്ക്ക് വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇത് മറികടക്കുന്നതിന് മാനവവിഭവശേഷി അടിയന്തരമായി വര്‍ധിപ്പിക്കണമെന്ന് കെജിഎംഒഎ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കൊവിഡ് ആശുപത്രികള്‍, സിഎഫ്എല്‍ടിസി എന്നിവയിലേക്കുള്ള പ്രവേശനത്തിന് കൃത്യമായ അഡ്മിഷന്‍ റഫറല്‍ പ്രോട്ടോകോള്‍ ഉണ്ടാക്കണമെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ അടിയന്തര പ്രാധാന്യത്തോടെ ഇടപെടേണ്ട വിഷയങ്ങള്‍ സംബന്ധിച്ച് കെജിഎംഒഎ സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍:

1. മാനവവിഭവശേഷി ഉറപ്പാക്കുക

മാനവവിഭവശേഷിയുടെ കുറവാണ് ആരോഗ്യ മേഖല നേരിടുന്ന വലിയ വെല്ലുവിളി. കൊവിഡിനോപ്പം കൊവിഡിതര ചികിത്സയും പ്രതിരോധ പ്രവര്‍ത്തനങ്ങളും മുന്നോട്ട് കൊണ്ടുപോകുന്ന ഭാരിച്ച ഉത്തരവാദിത്വമാണ് ആരോഗ്യവകുപ്പ് ഏറ്റെടുത്തിട്ടുള്ളത്. ഇത് കാര്യക്ഷമമായി പ്രാവര്‍ത്തികമാക്കാന്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരെ അടിയന്തരമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ കൊവിഡ് ആശുപത്രികളില്‍ വരെ നിയമിക്കണം. വിശ്രമരഹിതമായി പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരില്‍ മാനസികവും ശാരീരികവുമായ പ്രയാസങ്ങള്‍ ഉണ്ടാവുന്നുണ്ട്. പലരും കൊവിഡ് രോഗബാധിതരാവുന്ന സാഹചര്യവും നിലവിലുണ്ട്. രോഗികളുടെ എണ്ണത്തിന് ആനുപാതികമായി ആരോഗ്യ പ്രവര്‍ത്തകരെ നിയമിച്ചില്ലെങ്കില്‍ ഗുരുതര സാഹചര്യത്തിലേക്ക് പോകാം.

2. ഡൊമിസിലറി കെയര്‍ സെന്‍ററുകളും,

സ്റ്റെപ് ഡൗണ്‍ സിഎഫ്എല്‍ടിസികളും തദ്ദേശ തലത്തില്‍ സജ്ജമാക്കുക

മാനവവിഭവശേഷിയുടെ അധിക വിനിയോഗം കുറയ്ക്കാനായി ഗുരുതരമല്ലാത്ത എന്നാല്‍ വീടുകളില്‍ ചികിത്സയില്‍ കഴിയാന്‍ ബുദ്ധിമുട്ടുള്ള കാറ്റഗറി എ രോഗികളെയും കൊവിഡ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജാകുന്നവരെയും ചികിത്സിക്കാനും നിരീക്ഷിക്കാനും ഡൊമിസിലറി കെയര്‍ സെന്‍ററുകളും സ്റ്റെപ് ഡൗണ്‍ സിഎഫ്എല്‍ടിസികളും പഞ്ചായത്ത്/ബ്ലോക്ക് തലത്തില്‍ സജ്ജമാക്കണം. ഇവിടെ ടെലി കണ്‍സള്‍ട്ടേഷന്‍ സംവിധാനം നടപ്പാക്കണം. ഇത്തരം സംവിധാനങ്ങളുടെ നടത്തിപ്പിന്‍റെയും ജീവനക്കാരെ നിയമിക്കുന്നതിന്‍റെയും പൂര്‍ണ്ണ ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായിരിക്കണം. കൂടുതല്‍ സിഎഫ്എല്‍ടിസികള്‍ തുടങ്ങുന്നതിനേക്കാള്‍ നിലവിലുള്ളവയുടെ കിടക്കകളുടെ എണ്ണം വര്‍ധിപ്പിക്കുന്നത് മാനവവിഭവശേഷി വിനിയോഗം കുറക്കാന്‍ ഉപകരിക്കും.

3. കൊവിഡ് കോള്‍ സെന്‍ററുകള്‍ സ്ഥാപിക്കുക

വീടുകളില്‍ ചികിത്സയിലുള്ള രോഗികളുടെയും നിരീക്ഷണത്തില്‍ ഉള്ളവരുടെയും എണ്ണം വലിയ തോതില്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ അവര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും ചികിത്സ ഉറപ്പു വരുത്തുന്നതിനും ഓരോ പഞ്ചായത്ത്/ബ്ലോക്ക് തലത്തിലും സര്‍വ്വീസില്‍ നിന്ന് വിരമിച്ചവര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരെ നിയമിച്ചു കൊണ്ട് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്‍ററുകള്‍ സ്ഥാപിക്കണം. പല കാരണങ്ങള്‍ കൊണ്ടും നേരിട്ട് രോഗി പരിചരണത്തില്‍ ഏര്‍പ്പെടാന്‍ സാധിക്കാത്തവരുടെ സേവനം ഇത്തരമൊരു സംവിധാനത്തില്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കും. ഡിസിസികളിലെ ചികിത്സ-നിരീക്ഷണത്തിനും ഇത് ഫലപ്രദമായി വിനിയോഗിക്കാം.

4. പുതിയ ഡോക്ടര്‍മാരുടെ സേവനം ഉറപ്പ് വരുത്തുക

കോവിഡ് ഒന്നാം തരംഗത്തിന്റെ സമയത്ത് കോവിഡ് ബ്രിഗേഡിനു പുറമെ ലഭിച്ചിരുന്ന ആയിരത്തോളം പുതിയ ഡോക്ടര്‍മാരുടെ സേവനം ഇപ്പോള്‍ ലഭ്യമല്ല. ആരോഗ്യ വകുപ്പില്‍ നിന്ന് പിജി പഠനത്തിന് പോയ ഡോക്ടര്‍മാരെ അത് പൂര്‍ത്തിയാകുന്ന തീയതിയില്‍ തന്നെ വകുപ്പിലേക്ക് തിരികെ പ്രവേശിപ്പിക്കാനുള്ള നടപടികള്‍ വൈകുന്നു. ഈ കാര്യങ്ങളില്‍ അടിയന്തര ശ്രദ്ധ പതിയേണ്ടതാണ്.

5. ആശുപത്രികളിലെ പ്രവേശനത്തിന്

കൃത്യമായ അഡ്മിഷന്‍ റഫറല്‍ പ്രോട്ടോകോള്‍ ഉറപ്പാക്കുക

കോവിഡ് ആശുപത്രികള്‍, സിഎഫ്എല്‍ടിസികള്‍ എന്നിവയിലേക്കുള്ള പ്രവേശനത്തിന് കൃത്യമായ അഡ്മിഷന്‍ റഫറല്‍ പ്രോട്ടോകോള്‍ ഉണ്ടാക്കണം. ഇവിടത്തെ കിടക്കകള്‍ ക്യാറ്റഗറി ബി, സി രോഗികള്‍ക്കായി മാറ്റിവക്കുകയും ഗുരുതരമല്ലാത്ത ക്യാറ്റഗറി എ രോഗികള്‍ പ്രവേശിക്കപ്പെടുന്നില്ല എന്ന് ഉറപ്പാക്കുകയും വേണം.

6. ആംബുലന്‍സുകളോടൊപ്പം ടാക്സികളും ഉപയോഗപ്പെടുത്തുക

വര്‍ധിച്ചുവരുന്ന രോഗി ബാഹുല്യം കണക്കിലെടുത്ത് വീടുകളില്‍ നിന്നും ഡിസിസികളില്‍ നിന്നും സിഎഫ്എല്‍ടിസികളില്‍ നിന്നും മറ്റും ഗുരുതരാവസ്ഥയില്‍ അല്ലാത്ത രോഗികളെ മാറ്റുന്നതിന് ആംബുലന്‍സുകളോടൊപ്പം ടാക്‌സികളും പ്രയോജനപ്പെടുത്തണം. ഇതുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ള ടാക്‌സികളില്‍ ഡബിള്‍ ക്യാബിന്‍ സംവിധാനമൊരുക്കിയും ഡ്രൈവര്‍മാര്‍ക്ക് സുരക്ഷ മുന്‍കരുതല്‍ ഉറപ്പാക്കിയും ഇതില്‍ പങ്കാളികളാകണം.

7. 18 വയസിനും 45 വയസിനും ഇടയിലുള്ളവരുടെ

വാക്സിനേഷന്‍ ഉടന്‍ നടപ്പിലാക്കുക

18 വയസിനും 45 വയസിനും ഇടയിലുള്ളവരുടെ വാക്‌സിനേഷന്‍ എത്രയും വേഗം മുന്‍ഗണന വിഭാഗങ്ങളെ നിശ്ചയിച്ച് നടപ്പിലാക്കുവാനുള്ള നടപടികള്‍ സ്വീകരിക്കണം. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിഭാഗങ്ങള്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരോടൊപ്പം അണുബാധ ഏല്‍ക്കാന്‍ ഏറ്റവുമധികം സാധ്യതയുള്ള വിഭാഗമെന്ന നിലയില്‍ കോവിഡ് രോഗി പരിചരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ ഏറ്റവും അടുത്ത ബന്ധുക്കളേയും മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടുത്തണം.

ABOUT THE AUTHOR

...view details