തിരുവനന്തപുരം: കൊവിഡ് മൂന്നാം തരംഗത്തെ നേരിടുന്നതിനുള്ള മാർഗ നിർദേശങ്ങൾ പുറത്തിറക്കി ഗവൺമെൻ്റ് മെഡിക്കൽ കോളജുകളിലെ ഡോക്‌ടർമാരുടെ സംഘടനയായ കെജിഎംസിടിഎ. പൊതുവായ നിർദേശങ്ങളും രോഗം അപകടാവസ്ഥയിൽ എത്തിയിട്ടുണ്ടോ എന്ന് സ്വയം തിരിച്ചറിയാനുള്ള മുൻകരുതലുകളും അടങ്ങുന്നതാണ് മാർഗരേഖ.
കെജിഎംസിടിഎയുടെ മാർഗരേഖ
1. വീട്ടിൽ നിരീക്ഷണത്തിലുള്ളവർ ഓരോ ദിവസവും അപകട സൂചനകൾ ഇല്ലെന്ന് ഉറപ്പുവരുത്തണം. ശ്വാസതടസം, അമിതമായ ക്ഷീണം, നെഞ്ചുവേദന, പരസ്‌പര ബന്ധമില്ലാത്ത സംസാരം, മയക്കം, അമിതമായ ഹൃദയമിടിപ്പ്, ബോധക്ഷയം, മൂന്നു ദിവസത്തിലധികം നീണ്ടുനിൽക്കുന്ന പനി, കഫത്തിൽ രക്തത്തിൻ്റെ അംശം തുടങ്ങിയവയാണ് അപകട സൂചനകൾ.
2. അപകടസൂചനകൾ ഉണ്ടെങ്കിൽ അടുത്തുള്ള പ്രാഥമിക ആരോഗ്യകേന്ദ്രവുമായോ ദിശ ഹെൽപ്പ് ലൈനുമായോ ഇ-സഞ്ജീവനിയുമായോ ബന്ധപ്പെടുക.
3. പൾസ് ഓക്‌സീമീറ്റർ ഉപയോഗിച്ച് ഓക്‌സിജൻ സാച്ചുറേഷൻ നിരീക്ഷിക്കുക. സാച്ചുറേഷൻ 94 ശതമാനത്തിൽ കുറവാണെങ്കിൽ അടുത്തുള്ള പ്രാഥമിക ആരോഗ്യകേന്ദ്രവുമായോ ദിശ ഹെൽപ്പ് ലൈനുമായോ ഇ-സഞ്ജീവനിയുമായോ ബന്ധപ്പെടുക.
4. പ്രതിദിനം 6 മിനിറ്റ് നടത്ത പരിശോധന മുടങ്ങാതെ ചെയ്യുക. ഇതിൽ എപ്പോഴെങ്കിലും സാച്ചുറേഷൻ 3 ശതമാനം കുറഞ്ഞാൽ
അടുത്തുള്ള പ്രാഥമിക ആരോഗ്യകേന്ദ്രവുമായോ ദിശ ഹെൽപ്പ് ലൈനുമായോ ഇ-സഞ്ജീവനിയുമായോ ബന്ധപ്പെടുക.
5. പൾസ് ഓക്‌സീമീറ്റർ വീട്ടിലില്ലെങ്കിൽ ഒറ്റത്തവണ ശ്വാസം എടുത്തിട്ട് തുടർച്ചയായി എണ്ണുക. 15 സെക്കൻഡിൽ താഴെയേ ശ്വാസം പിടിക്കാൻ കഴിയുന്നുള്ളൂ എങ്കിൽ അടുത്തുള്ള പ്രാഥമിക ആരോഗ്യകേന്ദ്രവുമായോ ദിശ ഹെൽപ്പ് ലൈനുമായോ ഇ-സഞ്ജീവനിയുമായോ ബന്ധപ്പെടുക.