കേരളം

kerala

ETV Bharat / state

കെഫോണ്‍: എല്ലാവര്‍ക്കും ഇന്‍റര്‍നെറ്റ്, യാഥാര്‍ഥ്യമായത് കേരളത്തിന്‍റെ സ്വപ്‌ന പദ്ധതി - സിപിഎം

കെ-ഫോണ്‍ പദ്ധതിയുടെ ഭാഗമായി അടിസ്ഥാന സേവനങ്ങള്‍ നല്‍കുന്നതിനാവശ്യമായ കാറ്റഗറി 1 ലൈസന്‍സും ഔദ്യോഗികമായി ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ നല്‍കാനുള്ള ഇന്‍ര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ (ഐ എസ് പി) കാറ്റഗറി ബി യൂണിഫൈഡ് ലൈസന്‍സും കെ ഫോണിന് ലഭിച്ചിട്ടുണ്ട്

kfone  kerala  free internet  free wifi  cpim  pinarayi vijayan  internet  ഇന്‍റര്‍നെറ്റ്  സൗജന്യവും മിതമായ നിരക്കിലും ഇന്‍റര്‍നെറ്റ്  കേരളത്തിന്‍റെ സ്വപ്‌ന പദ്ധതി  കെ ഫോണ്‍  സിപിഎം  പിണറായി വിജയന്‍
സൗജന്യവും മിതമായ നിരക്കിലും ഇന്‍റര്‍നെറ്റ്; യാഥാര്‍ഥ്യമായത് കേരളത്തിന്‍റെ സ്വപ്‌ന പദ്ധതി

By

Published : Jun 5, 2023, 8:59 PM IST

തിരുവനന്തപുരം:കേരളത്തിലെ എല്ലാ വീടുകളിലും സര്‍ക്കാര്‍ ഓഫിസുകളിലും ബ്രോഡ്ബാന്‍ഡ് ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുന്ന പദ്ധതിയാണ് കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ്‌വര്‍ക്ക്, അഥവാ കെ-ഫോണ്‍. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനത്തെ 20 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും അതിവേഗ ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുകയാണ് പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കെ-ഫോണ്‍ പദ്ധതിയുടെ ഭാഗമായി അടിസ്ഥാന സേവനങ്ങള്‍ നല്‍കുന്നതിനാവശ്യമായ കാറ്റഗറി 1 ലൈസന്‍സും ഔദ്യോഗികമായി ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ നല്‍കാനുള്ള ഇന്‍ര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ (ഐ എസ് പി) കാറ്റഗറി ബി യൂണിഫൈഡ് ലൈസന്‍സും കെ ഫോണിന് ലഭിച്ചിട്ടുണ്ട്.

നിലവില്‍ 17,412 സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കെ-ഫോണ്‍ കണക്ഷന്‍ ലഭ്യമാക്കിക്കഴിഞ്ഞിട്ടുണ്ട്. 2,105 വീടുകളില്‍ കണക്ഷന്‍ നല്‍കുകയും ചെയ്‌തു. 9,000 ത്തിലധികം വീടുകളില്‍ കണക്ഷന്‍ ലഭ്യമാക്കാനുള്ള കേബിള്‍ വലിക്കുകയും ചെയ്‌തിട്ടുണ്ട്.

പദ്ധതിയുടെ നിര്‍മാണം 97 ശതമാനവും പൂര്‍ത്തിയായ ശേഷമാണ് ഓദ്യോഗിക ഉദ്ഘാടനം നടക്കുന്നത്. വൈദ്യുത പോസ്‌റ്റുകളിലൂടെ സ്വന്തമായി ഒപ്‌റ്റിക്കല്‍ ശ്യംഖല വലിച്ചാണ് കെഫോണ്‍ സേവനം ജനങ്ങളില്‍ എത്തുന്നത്. ബെല്‍ കണ്‍സോര്‍ഷ്യമാണ് കെഫോണിനായി പദ്ധതിയുടെ ഭാഗമായുളള ഒപ്‌റ്റിക്കല്‍ ശ്യംഖല നിര്‍മിച്ചത്.

ആദ്യഘട്ടമായുള്ള ഇന്‍സ്‌റ്റലേഷന്‍ കേരള ഐടി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡാണ് ചെയ്‌തത്. അടുത്തഘട്ടമായ മോണിറ്റൈസേഷന്‍ ഘട്ടം കേരള ഫൈബര്‍ ഒപ്റ്റിക്കല്‍ നെറ്റ്‌വര്‍ക്ക് കമ്പനിയാണ് ഏറ്റെടുക്കുന്നത്. കിഫ്ബിയുടെ സാമ്പത്തിക സഹായത്തിലാണ് പദ്ധതി യാഥാര്‍ഥ്യമാക്കിയിരിക്കുന്നത്.

1611 കോടി രൂപയാണ് പദ്ധതി ചിലവ്. ഇതില്‍ 400 കോടി രൂപ ഏഴ്‌ വര്‍ഷത്തെ മെയിന്‍റനന്‍സിനായാണ് ചിലവഴിക്കുക. ഈ കരാര്‍ ബെല്‍കണ്‍സോര്‍ഷ്യമാണ് കരാര്‍ എടുത്തിരിക്കുന്നത്.

പദ്ധതി നിര്‍ദേശം വന്നത് 2017ല്‍: ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്താണ് കെഫോണ്‍ എന്ന പദ്ധതി സംബന്ധിച്ച് കേരളത്തില്‍ ചര്‍ച്ച തുടങ്ങിയത്. 2017 ഫെബ്രുവരി മൂന്നിന് സംസ്ഥാന സര്‍ക്കാര്‍ ഇത്തരമൊരു പദ്ധതി പ്രഖ്യാപിച്ചു. രണ്ട് വര്‍ഷത്തെ ഫയല്‍ നീക്കങ്ങള്‍ക്കൊടുവില്‍ 2019ലാണ് പദ്ധതിയുടെ കരാര്‍ ആരംഭിച്ചത്.

30,000 കിലോമീറ്റര്‍ കേബിള്‍ ശൃംഖല എന്ന വലിയ വെല്ലുവിളിയുമായാണ് നിര്‍മാണ പ്രവര്‍ത്തനം തുടങ്ങിയത്. കേബിള്‍ വലിക്കല്‍ ആരംഭിച്ചപ്പോള്‍ കൊവിഡ് പ്രതിസന്ധിയായി. 2000 കിലോമീറ്റര്‍ കേബിളിങ്ങ് ജോലികള്‍ പൂര്‍ത്തിയാക്കിയപ്പോഴാണ് കൊവിഡെത്തിയത്. ഇതോടെ രണ്ട് വര്‍ഷത്തോളം നിര്‍മാണം നിലച്ചു.

2021ലാണ് കേബിളിങ്ങ് വീണ്ടും പുനരാരംഭിച്ചത്. കെ.എസ്.ഇ.ബിയുടെ സഹായത്തോടെയാണ് കേബിളിങ്ങ് നടന്നത്. ഇത് പൂര്‍ത്തിയാക്കിയതോടെ സംസ്ഥാനത്തിന് സ്വന്തമായത് 30,000 കിലോമീറ്റര്‍ നീണ്ട ഒപ്‌റ്റിക്കല്‍ കേബിള്‍ ശ്യംഖലയാണ്. ഇത് കേരളത്തിന് വികസനത്തിന് ഏറെ സഹായകരമാകുമെന്ന വിലയിരുത്തലാണുള്ളത്.

ഒപ്‌റ്റിക്കല്‍ ശ്യംഖലയില്‍ തകരാര്‍ സംഭവിച്ചാല്‍ നാല് മണിക്കൂര്‍ കൊണ്ട് പരിഹാരം: ഡിജിറ്റല്‍ വാര്‍ റൂമടക്കം ഒരുക്കിയാണ് കെഫോണ്‍ പ്രവര്‍ത്തനം. ഒപ്‌റ്റിക്കല്‍ ഫൈബര്‍ വഴി സേവനം നല്‍കുന്ന കെഫോണ്‍ സംവിധാനത്തില്‍ എന്ത് തകരാര്‍ സംഭവിച്ചാലും പരിഹരിക്കുന്നതിനാണ് വാര്‍ റൂം. നാല് മണിക്കൂര്‍ സമയമാണ് തകരാര്‍ പരിഹരിക്കുന്നതിന് എടുക്കുന്ന പരമാവധി സമയമെന്നാണ് കെ-ഫോണ്‍ അവകാശപ്പെടുന്നത്.

തകരാര്‍ പരിഹരിക്കുന്നതിന് 90 അംഗ ടീമിനെയാണ് വിന്യസിച്ചിരിക്കുന്നത്. വാര്‍ റൂമില്‍ നിന്നുള്ള നിര്‍ദേശ പ്രകാരം ഇവരാണ് തകരാര്‍ പരിഹരിക്കുക. പ്രതിമാസം അഞ്ച് കോടിയാണ് ഇതിനായി ചിലവ് വരിക.

വാര്‍ റൂമില്‍ ഡാഷ് ബോര്‍ഡ് സംവിധാനം ഒരുക്കിയാണ് പ്രവര്‍ത്തനം നിരീക്ഷിക്കുന്നത്. ഇതിനായി സിഗ് നെറ്റ് എന്ന ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് ഇതിന്‍റെ പ്രവര്‍ത്തനം. ഡാഷ് ബോര്‍ഡ് ഒരുക്കിയുളള പ്രവര്‍ത്തനം കെഫോണിന്‍റെ തകരാറുകള്‍ എളുപ്പത്തില്‍ കണ്ടെത്താനും പരിഹരിക്കാനും കഴിയുമെന്നതാണ് പ്രത്യേകത.

നിരക്ക് കുറവ്, കെഫോണിന്‍റെ പ്രത്യേകത: മറ്റ് സ്വകാര്യ ഇന്‍റര്‍നെറ്റ് ദാതാക്കളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കില്‍ സേവനം ലഭ്യമാക്കുമെന്ന പ്രഖ്യപനവുമായാണ് കെഫോണ്‍ പദ്ധതി സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കുന്നത്. നിലവില്‍ ഒന്‍പത് പ്ലാനുകളാണ് കെഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. 180 ദിവസത്തേക്കാണ് എല്ലാ പ്ലാനുകളും ലഭിക്കുക.

299 രൂപയുടേതാണ് ആദ്യ പ്ലാന്‍. ഈ പ്ലാനില്‍ 180 ദിവസത്തേക്ക് 20 എം.ബി.പി.എസ് വേഗതയില്‍ 3000 ജിബി ഇന്‍റര്‍നെറ്റ് സേവനം ലഭിക്കും. 349 രൂപയുടെ പ്ലാനില്‍ 30 എം.ബി.പി.എസ് വേഗതയില്‍ 180 ദിവസത്തേക്ക് 3000 ജിബി ലഭിക്കും.

മൂന്നാമത്തെ പ്ലാനില്‍ 399 രൂപയ്ക്ക് 4000 ജിബി 40 എംബി.പി.എസ് വേഗതയില്‍ ലഭിക്കും. 449 രൂപയ്ക്ക് 5000 ജിബി 50 എം.ബി.പി.എസ് വേഗതയില്‍ ലഭിക്കുന്നതാണ് നാലാമത്തെ പ്ലാന്‍. അഞ്ചാമത്തെ പ്ലാന്‍ 499 രൂപയ്ക്ക് 4000 ജിബി 75 എം.ബി.പി.എസില്‍ ലഭിക്കുന്നതാണ്.

599 രൂപയ്ക്ക് 5000 ജിബി 100 എം.ബി.പി.എസില്‍ ലഭിക്കുന്നതാണ് ആറാമത്തെ പ്ലാന്‍. 799 രൂപയ്ക്ക് 5000 ജിബി 150 എം.ബി.പി.എസില്‍ ലഭിക്കുന്നതാണ് ഏഴാമത്തെ പ്ലാന്‍. എട്ടാമത്തെ പ്ലാനില്‍ 999 രൂപയ്ക്ക് 5000 ജിബി 2000 എം.ബി.പി.എസ് വേഗതയില്‍ ലഭിക്കും. 1249 രൂപയ്ക്ക് 5000 ജിബി 250 എം.ബി.പി.എസ് വേഗതയില്‍ ലഭിക്കുന്നതാണ് ഒന്‍പതാമത് പ്ലാന്‍.

ABOUT THE AUTHOR

...view details