തിരുവനന്തപുരം: പുതുവർഷത്തിൽ പലിശ നിരക്കുകൾ കുറച്ച് കേരള ഫിനാൻഷ്യൽ കോർപറേഷൻ. എട്ട് ശതമാനം മുതൽ ബേസ് റേറ്റിലായിരിക്കും പുതിയ വായ്പകൾ നൽകുകയെന്ന് കെ.എഫ്.സി സി.എം.ഡി ടോമിൻ ജെ തച്ചങ്കരി പറഞ്ഞു. അടുത്ത മൂന്നു മാസം കൊണ്ട് 1600 കോടി രൂപയുടെ വായ്പകൾ നൽകും. ഇവ അതിവേഗത്തിൽ ലഭ്യമാക്കും. മുൻകൂർ ലൈസൻസുകളോ പെർമിറ്റുകളോ വായ്പയ്ക്ക് മുമ്പ് ആവശ്യപ്പെടില്ല. മൂന്ന് വർഷത്തിനകം അവ ഹാജരാക്കിയാൽ മതി.
പുതുവർഷ സമ്മാനമായി പലിശ നിരക്കുകൾ കുറച്ച് കേരള ഫിനാൻഷ്യൽ കോർപറേഷൻ - തിരുവനന്തപുരം
എട്ട് ശതമാനം മുതൽ ബേസ് റേറ്റിലായിരിക്കും പുതിയ വായ്പകൾ നൽകുകയെന്ന് കെ.എഫ്.സി സി.എം.ഡി ടോമിൻ ജെ തച്ചങ്കരി.
സംരംഭകരുടെ പ്രോജകറ്റ് റിപ്പോർട്ട് മാത്രം പരിഗണിച്ചായിരിക്കും വായ്പ. വായ്പ തുകയുടെ ഇരട്ടി വിലയുള്ള ജാമ്യ വസ്‌തു വേണമെന്ന നിബന്ധനയും ഒഴിവാക്കി. ഇനി പകുതി തുകയ്ക്കുള്ള ജാമ്യം മതിയാകും. ബസുകൾ സി.എൻ.ജി യിലേക്ക് മാറ്റുന്നതിനും കെ.എഫ്.സി വായ്പ അനുവദിക്കും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിലെ 15 വർഷത്തിൽ അധികം പഴക്കമുള്ള ബസുകൾ സി എൻ ജി യിലേക്കോ വൈദ്യുതിയിലേക്കോ മാറ്റണമെന്ന നിർദേശത്തിന്‍റെ അടിസ്ഥാനത്തിലാണിത്. ആഴ്ച തോറും തിരിച്ചടക്കുന്ന രീതിയിലാണ് ഇവ വിതരണം ചെയ്യുകയെന്നും തച്ചങ്കരി അറിയിച്ചു.