തിരുവനന്തപുരം :മാര്‍ക്ക് ജിഹാദ് പരാമര്‍ശം നടത്തിയ ഡൽഹി സര്‍വകലാശാല അധ്യാപകന്‍ രാകേഷ് കുമാര്‍ പാണ്ഡെക്കെതിരെ നടപടി ആവശ്യപ്പെട്ട് കേരളം. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവാണ് നടപടി ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി ധര്‍മേന്ദ്ര പ്രധാന് കത്തയച്ചത്.
വിഷലിപ്‌തമായ ഇത്തരം പരാമര്‍ശത്തിലൂടെ തെളിഞ്ഞുവരുന്നത് രാകേഷ് കുമാര്‍ പാണ്ഡെയുടെ സംഘപരിവാര്‍ രാഷ്ട്രീയമാണെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി കത്തിൽ ചൂണ്ടിക്കാട്ടുന്നു.
വര്‍ഗീയ ചേരിതിരിവുണ്ടാക്കുക ലക്ഷ്യമിട്ടാണ് അത്തരമൊരു പ്രസ്‌താവന നടത്തിയത്. ഇതിനെതിരെ ശക്തമായ നടപടി വേണമെന്നും മന്ത്രി ആവശ്യപ്പെടുന്നു.
മാര്‍ക്ക് ജിഹാദ് പരാമര്‍ശം; നടപടി ആവശ്യപ്പെട്ട് കേരളം ALSO READ:ലഖിംപുര്‍ ഖേരി കര്‍ഷക ഹത്യ : മന്ത്രിപുത്രൻ റിമാൻഡിൽ
കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം കിട്ടുന്നതിന് പിന്നില്‍ മാര്‍ക്ക് ജിഹാദാണെന്ന, ഡൽഹി സര്‍വകലാശാല അധ്യാപകന്‍റെ പരാമര്‍ശമാണ് വിവാദങ്ങള്‍ക്ക് കാരണം.
കഴിഞ്ഞ തിങ്കളാഴ്‌ചയാണ് ഡൽഹി സര്‍വകലാശാലയിൽ ബിരുദ പ്രവേശനം ആരംഭിച്ചത്. ഹിന്ദു, രാംജാസ്, മിറാണ്ട, എസ്ആര്‍സിസി തുടങ്ങി പ്രധാന കോളജുകളിലെ ആദ്യ പട്ടികയില്‍ ഇടംനേടിയതില്‍ കൂടുതലും മലയാളി വിദ്യാര്‍ഥികളായിരുന്നു.
ഇതിന് പിന്നാലെയാണ് കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് ഡൽഹി സര്‍വകലാശാലയില്‍ പ്രവേശനം കിട്ടുന്നതിന് പിന്നില്‍ മാര്‍ക്ക് ജിഹാദ് ആണെന്ന് അധ്യാപകന്‍ ആരോപിച്ചത്.
കിരോഡി മാല്‍ കോളജിലെ ഫിസിക്‌സ് വിഭാഗം അസോസിയേറ്റ് പ്രഫസര്‍ രാകേഷ് പാണ്ഡെ ആര്‍എസ്എസ് ബന്ധമുള്ള അധ്യാപകസംഘടനയുടെ മുന്‍ പ്രസിഡന്‍റാണ്.