ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മകളുമായി മലയാളികള്‍ ഇന്ന് തിരുവോണം ആഘോഷിക്കുന്നു. സമത്വ സുന്ദര ലോകമെന്ന സ്വപ്നം സഫലമാകുന്ന ദിനം. ജാതി-മത ഭേദമന്യേ എല്ലാവരും ഒന്നാകുന്ന സമയം. ബാല്യകാലത്തിന്‍റെ സ്മരണകളുമായി ഓരോരുത്തരും കുട്ടികളാകുന്ന ദിനമാണിന്ന്. പരസ്പര സ്നേഹത്താലും കാരുണ്യത്താലും സഹായ സ്പര്‍ശത്താലും ഓരോ മനുഷ്യനെയും അടയാളപ്പെടുത്തുന്ന കാലം.
കാടും മേടും കയറി ഓണപ്പൂക്കള്‍ തേടിയുള്ള കുട്ടികളുടെ യാത്ര അത്രത്തോളം മനോഹരമാണ്. ഊഞ്ഞാലാട്ടവും ഓണക്കളികളും ഓണപ്പാട്ടുമൊക്കെ കുരുന്നുകള്‍ക്ക് ഹൃദ്യമായ അനുഭവമാണ്. തുമ്പപ്പൂവും കാക്കപ്പൂവുമൊക്കെ നാട്ടിന്‍ പുറങ്ങളില്‍ പോലും അന്യമാണെങ്കിലും പുതു തലമുറയും ഓണം എല്ലാ അര്‍ഥത്തിലും ആഘോഷിക്കുകയാണ്. എല്ലാ ഇനങ്ങളും ചേര്‍ത്തുള്ള സദ്യ തന്നെയാണ് ഓണത്തിന്‍റെ ഏറ്റവും വലിയ ആകര്‍ഷണം.
ഇത്തവണ മലയാളികള്‍ക്ക് ഇച്ഛാശക്തിയുടെ ഓണമാണ്. ഒരുമിച്ച് പ്രളയം നീന്തിക്കടന്ന ജനതയുടെ ഓണം. തുടര്‍ച്ചയായ രണ്ടാം വര്‍ഷവുമുണ്ടായ ദുരന്തങ്ങളുടെ കണ്ണീര്‍ വറ്റി വരുന്നതേയുള്ളു. പലരും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട വേദനയില്‍ നിന്നും കരകയറിയിട്ടില്ല. എങ്കിലും കണ്ണീര്‍ തുടച്ച് ഒരുമയോടെ നിറഞ്ഞ പുഞ്ചിരിയില്‍ ഓണത്തെ വരവേല്‍ക്കാന്‍ മലയാളികള്‍ സജ്ജമാണ്. ഒന്നിലധികം ഐതീഹ്യങ്ങള്‍ ഓണവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്നുണ്ടെങ്കിലും പ്രധാനപ്പെട്ടത് മാവേലിയുടേത് തന്നെ. അസുരനായ മഹാലബലിയോട് വിഷ്ണുവിന്‍റെ അവതാരമായ വാമനന്‍ മൂന്നടി മണ്ണ് ആവശ്യപ്പെട്ട് തികയാതെ വന്നപ്പോള്‍ സ്വന്തം ശിരസു കാണിച്ച് പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തപ്പെട്ട മഹാബലി പ്രജകളെ കാണാന്‍ വരുന്ന ദിവസമാണെന്നാണ് ഐതീഹ്യം. ഓരോ വര്‍ഷവും മഹാബലി തന്‍റെ പ്രജകളെ അദൃശ്യനായി സന്ദര്‍ശിക്കാന്‍ വരുന്നുവെന്ന് വിശ്വസിക്കുന്നു.
സംസ്ഥാനത്തെ ഓണം വാരാഘോഷത്തിന് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്‌തതോടെ തുടക്കമായി. ചിങ്ങമാസത്തിലെ അത്തം മുതല്‍ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളില്‍ പ്രധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാള്‍ വരെ നീണ്ടു നില്‍ക്കുകയും ചെയ്യുന്നു. സങ്കടങ്ങളും വറുതികളുമില്ലാത്ത ഓണം മാവേലിയുടെ കാലത്തെപ്പോലെ ഇല്ലെങ്കിലും ഓണമില്ലാത്തവരെയും ചേര്‍ത്തു പിടിച്ചു കൊണ്ട് എല്ലാവര്‍ക്കും നിറഞ്ഞ ഓണാശംസകള്‍.