തിരുവനന്തപുരം : സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖലയെ സമ്പൂർണ വനിത സൗഹൃദമാക്കുന്നതിനായി സ്‌ത്രീ സൗഹൃദ ടൂറിസം മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കാനൊരുങ്ങി ടൂറിസം വകുപ്പ്. വനിത യാത്രക്കാർക്ക് കൂടുതൽ സുഖകരവും തടസരഹിതവുമായ വിനോദ യാത്രകൾക്കായി സ്‌ത്രീ സൗഹൃദ ടൂറിസം പാക്കേജുകൾ, വനിത ടൂറിസ്റ്റ് ഓപ്പറേറ്റർമാർ, ഗൈഡുകൾ, സ്‌ത്രീകൾക്ക് അനുയോജ്യമായ സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുത്തിയാണ് മൊബൈൽ ആപ്ലിക്കേഷൻ നിർമിക്കുന്നത്.
സ്‌ത്രീ സൗഹൃദ ടൂറിസം പദ്ധതി നടപ്പാക്കുന്നതിനായി നോഡൽ ഏജൻസിയായ സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷനാണ് (RT Mission) മൊബൈൽ ആപ്പ് തയ്യാറാക്കുന്നതിനുള്ള ചുമതല. സംസ്ഥാനത്ത് വനിത ടൂറിസ്റ്റുകൾക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്‌ടിക്കുന്നത് സർക്കാരിന്‍റെ നയപരമായ മുൻഗണനയാണെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രസ്‌താവനയിൽ അറിയിച്ചു.
'സ്‌ത്രീകൾ വ്യക്തിഗതമായോ ഗ്രൂപ്പുകളായോ ദൂരസ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നത് ഒരു ട്രെൻഡായി മാറിയ ലോകത്താണ് നമ്മൾ ഇന്ന് ജീവിക്കുന്നത്. സ്‌ത്രീ സൗഹൃദ ടൂറിസം പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന ആപ്പ് വനിത യാത്രക്കാർക്ക് കേരള സന്ദർശനത്തെ കൂടുതൽ സുഖകരവും തടസ രഹിതവുമാക്കും' - മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
വനിത സൗഹൃദ ടൂറിസം : വിനോദസഞ്ചാര മേഖലയിൽ സ്‌ത്രീകൾ പ്രധാന പങ്കുവഹിക്കുന്ന യുഎൻ വിമണിന്‍റെ 'ജെൻഡർ ഇൻക്ലൂസീവ് ടൂറിസം' ആശയത്തിന് അനുസൃതമായി കഴിഞ്ഞ വർഷം ഒക്‌ടോബറിലാണ് മുഹമ്മദ് റിയാസ് വനിത സൗഹൃദ ടൂറിസം പദ്ധതി എന്ന സംരംഭം ആരംഭിച്ചത്. ഈ സംരംഭത്തിന് പുറമെ ടൂറിസം വകുപ്പ് സ്‌ത്രീ സൗഹൃദ ടൂറിസം ഉത്പന്നങ്ങളും പാക്കേജുകളും പുറത്തിറക്കുന്നുണ്ട്.