തിരുവനന്തപുരം: സംസ്ഥാനം ഒരു കോടി ഡോസ് കൊവിഡ് വാക്സിന്‍,നിർമാതാക്കളിൽ നിന്ന് നേരിട്ട് വില കൊടുത്തുവാങ്ങാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 70 ലക്ഷം ഡോസ് കൊവീഷീൽഡ് വാക്സിൻ സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും, 30 ലക്ഷം ഡോസ് കൊവാക്സിൻ ഭാരത് ബയോടെക്കിൽ നിന്നും വാങ്ങാനാണ് തീരുമാനം. കൊവീഷീൽഡിന് ജിഎസ്ടി ഉൾപ്പടെ 294 കോടി രൂപയും കൊവാക്സിന് 189 കോടി രൂപയും ചെലവ് വരും. വാക്സിൻ സംബന്ധിച്ച് കോടതികളിൽ നിൽക്കുന്ന കേസുകളിലെ തീർപ്പിന് വിധേയമായായിരിക്കും സംസ്ഥാനം വാക്സിൻ വാങ്ങുകയെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഒരു കോടി ഡോസ് കൊവിഡ് വാക്സിന്‍ വാങ്ങുമെന്ന് മുഖ്യമന്ത്രി
കൊവീഷീൽഡിന് ജിഎസ്ടി ഉൾപ്പടെ 294 കോടി രൂപയും കൊവാക്സിന് 189 കോടി രൂപയും ചെലവ് വരും. കേസുകളിലെ തീർപ്പിന് വിധേയമായാണ് വാക്സിൻ വാങ്ങുക.
18 നും 45നും ഇടയിലുള്ള എല്ലാവർക്കും വാക്സിൻ സൗജന്യമായി നൽകും. വാക്സിന്‍റെ ലഭ്യത അനുസരിച്ച് മാത്രമേ വാക്സിനേഷൻ നടത്താൻ കഴിയു. രണ്ടാം ഡോസ് എടുക്കേണ്ടവർക്ക് മുൻഗണന നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാന സർക്കാരുകൾക്കും കേന്ദ്രത്തിനും രണ്ട് വിലയ്ക്ക് വാക്സിൻ നൽകാൻ കമ്പനികൾക്ക് അനുമതി നൽകിയ തീരുമാനം കേന്ദ്രം പിൻവലിക്കണം. കേന്ദ്രത്തിന് നൽകുന്ന അതേ വിലയ്ക്ക് സംസ്ഥാനങ്ങൾക്കും വാക്സിൻ ലഭിക്കുമെന്ന് ഉറപ്പാക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.