തിരുവനന്തപുരം :സംസ്ഥാനത്ത് നാല് ജില്ലകളിൽ മഴ മുന്നറിയിപ്പ്. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മഞ്ഞ അലർട്ട് പ്രഖ്യാപിച്ചത്. മഴയിൽ കനത്ത നാശമുണ്ടായ തിരുവനന്തപുരം ജില്ലയിലെ പ്രദേശങ്ങളിൽ വെള്ളക്കെട്ട് പലയിടത്തും ഇന്നലെയും മാറിയിരുന്നില്ല. അതേസമയം ജില്ലയിൽ ഇന്നലെ രാത്രിയിൽ നേരിയ തോതിലുള്ള മഴ പെയ്തിരുന്നു. മലയോര മേഖലയിൽ ശക്തമായ മഴ പെയ്തതായുമാണ് വിവരം (Kerala Weather Updates).
ഉയർന്ന തിരമാല മുന്നറിയിപ്പുമുണ്ട്. സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ രാത്രി 11:30 വരെ 1.8 മീറ്റർ വരെ ഉയരത്തിലുള്ള തിരമാലയുണ്ടാകാൻ സാധ്യതയുള്ളതായാണ് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികളും തീരദേശത്തുള്ളവരും ജാഗ്രത പാലിക്കണം.ശക്തമായ മഴ ലഭിച്ചുകൊണ്ടിരിക്കുന്ന മലയോര മേഖലകളില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കേണ്ടതാണെന്ന് ദുരന്ത നിവാരണ അതോറിറ്റി അധികൃതർ അറിയിച്ചു. പകല്‍ സമയത്തുതന്നെ മാറി താമസിക്കാന്‍ ജനങ്ങള്‍ ശ്രദ്ധിക്കണം(Kerala Rain Updates).
ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചുകടക്കാനോ ജലാശയങ്ങളില്‍ കുളിക്കാനോ, മീന്‍പിടിക്കാനോ, മറ്റാവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ല. ജലാശയങ്ങള്‍ക്ക് മുകളില്‍ കയറി കാഴ്‌ച കാണുകയോ സെല്‍ഫി എടുക്കുകയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യാനും പാടില്ല. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണമായി ഒഴിവാക്കേണ്ടതാണ്. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മുന്‍കൂറായി ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കും (India Meteorological Department).