തിരുവനന്തപുരം: ഇന്ന് (30-08-2022) സംസ്ഥാനത്ത് വ്യാപകമായി ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. 14 ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട് ആണ്. അടുത്ത അഞ്ച് ദിവസങ്ങളിലും ശക്തമായ മഴയും ഇടിമിന്നലും തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; 14 ജില്ലകളിലും യെല്ലോ അലര്‍ട്ട് - kerala rain alert
സംസ്ഥാനത്തെ 14 ജില്ലകളിലും ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ നീരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്
മലയോര മേഖലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. തെക്ക് പടിഞ്ഞാറന്‍ ബിഹാറിന് മുകളിലും സമീപ പ്രദേശങ്ങളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നതും തെക്കന്‍ ബംഗാള്‍ ഉള്‍കടലിന്‍റെ മധ്യഭാഗത്തായി മറ്റൊരു ചക്രവാതചുഴി നിലനില്‍ക്കുന്നതും തെക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ നിന്നും തെക്കന്‍ തമിഴ്‌നാട് വരെ ന്യുനമര്‍ദ പാത്തി നിലനില്‍ക്കുന്നതുമാണ് കേരളത്തില്‍ വ്യാപക മഴയ്ക്ക് കാരണമാകുന്നത്.
ജാഗ്രത വേണം: കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച മലയോര പ്രദേശങ്ങളില്‍ ഓറഞ്ച് അലര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കണമെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍ - മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം. തീരമേഖലകളില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ലെന്നും മുന്നറിയിപ്പുണ്ട്. 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയിലുള്ള കാറ്റിനാണ് സാധ്യത.