തിരുവനന്തപുരം : സംസ്ഥാനത്ത് നവംബർ 5 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു (Kerala Weather update). മഴ മുന്നറിയിപ്പിനെ തുടർന്ന് ഇന്ന് അലർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നാളെ 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് (Yellow alert districts Kerala).
4ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലും 5ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും യെല്ലോ അലർട്ടുണ്ട്. നിലവിൽ കേരള, കർണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് തടസമില്ല (Rain update Kerala).
കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.2 മുതൽ 2.0 മീറ്റർ വരെയും തെക്കൻ തമിഴ്‌നാട് തീരത്ത് 1.2 മുതൽ 2.1 മീറ്റർ വരെയും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടൽ പ്രക്ഷുബ്‌ധമാകാൻ സാധ്യതയുള്ളതിനാൽ തീരദേശവാസികൾ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കണമെന്ന് നിർദേശമുണ്ട്. ഉയർന്ന തിരമാലയ്ക്ക് സാധ്യതയുള്ളതിനാൽ കടലിൽ ഇറങ്ങിയുള്ള വിനോദങ്ങൾ പൂർണമായും ഒഴിവാക്കാനും നിർദേശമുണ്ട്.
ഇടിമിന്നല്‍ ഉണ്ടാകും... ജാഗ്രത വേണം(Lightning Alert):
- ഇടിമിന്നലിന്‍റെ ആദ്യ ലക്ഷണം കണ്ടാലുടന്‍ സുരക്ഷിതമായ കെട്ടിടത്തിലേക്ക് മാറേണ്ടതാണ്. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും.
- ശക്തമായ മഴയ്‌ക്കൊപ്പം കാറ്റും ഇടിമിന്നലും ഉണ്ടാകാന്‍ സാധ്യതയുള്ള സാഹചര്യങ്ങളില്‍ വീടുകളില്‍ ജനലുകളും വാതിലുകളും അടച്ചിടുകയും അവയ്‌ക്കരികില്‍ നില്‍ക്കാതിരിക്കുകയും ചെയ്യുക.
- ഇടിമിന്നല്‍ സമയങ്ങളില്‍ ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഒഴിവാക്കുകയും ചെയ്യുക.
- ഇടിമിന്നലുണ്ടാകുന്ന സമയങ്ങളില്‍ ടെലിഫോണ്‍ ഉപയോഗം ഒഴിവാക്കാന്‍ ശ്രമിക്കണം.
- മഴയും ഇടിമിന്നലുമുണ്ടാകുന്ന സാഹചര്യങ്ങളില്‍ വൃക്ഷങ്ങള്‍ക്ക് ചുവട്ടില്‍ അഭയം പ്രാപിക്കരുത്. മരച്ചുവട്ടില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാതിരിക്കുക. ഇത്തരം സന്ദര്‍ഭങ്ങളില്‍ വാഹനത്തിനുള്ളില്‍ തുടര്‍ന്നാലും കയ്യും കാലും പുറത്തിടരുത്.
- സൈക്കിള്‍, ബൈക്ക്, ട്രാക്‌ടര്‍ എന്നിവയിലെ യാത്രകള്‍ പരമാവധി ഒഴിവാക്കണം.
- കാറ്റില്‍ മറിഞ്ഞ് വീഴാന്‍ സാധ്യതയുള്ള വസ്‌തുക്കള്‍ കെട്ടിവയ്ക്കുക.
- ഇടിമിന്നലുള്ള സമയത്ത് കുളിക്കരുത്. ടാപ്പുകളില്‍ നിന്ന് വെള്ളം ശേഖരിക്കുന്നത് ഒഴിവാക്കുക. കാരണം പൈപ്പിലൂടെ മിന്നല്‍ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം. ഇത് അപകടത്തിന് കാരണമാകും.
- ഇടിമിന്നല്‍ സമയത്ത് ജലാശയങ്ങളില്‍ കുളിക്കുന്നതിനോ മീന്‍ പിടിക്കുന്നതിനോ ഇറങ്ങാന്‍ പാടില്ല.
- ഇടിമിന്നലുള്ളപ്പോള്‍ ബോട്ടിന്‍റെ ഡെക്കില്‍ നില്‍ക്കരുത്.
- മൃഗങ്ങളെ തുറസായ സ്ഥലങ്ങളില്‍ കെട്ടിയിടരുത്.