തിരുവനന്തപുരം: കേരളത്തിൽ വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ഉയർന്ന തിരമാല ജാഗ്രത നിർദേശം അധികൃതർ പുറപ്പെടുവിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക. കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
ഇടിമിന്നല്‍ മുന്‍കരുതലുകള്‍:ഇടിമിന്നലിന്‍റെ ആദ്യ ലക്ഷണം കണ്ടാലുടന്‍ സുരക്ഷിതമായ കെട്ടിടത്തിലേക്ക് മാറേണ്ടതാണ്. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും. ശക്തമായ മഴയ്‌ക്കൊപ്പം കാറ്റും ഇടിമിന്നലും ഉണ്ടാകാന്‍ സാധ്യതയുള്ള സാഹചര്യങ്ങളില്‍ വീടുകളില്‍ ജനലുകളും വാതിലുകളും അടച്ചിടുകയും അതിനരികില്‍ നില്‍ക്കാതിരിക്കുകയും ചെയ്യുക.